വാരാണസി:  മുന്‍നിര എന്‍ഡിഎ നേതാക്കളുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി കളക്ടറേറ്റില്‍ വെച്ച് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മോദി പത്രിക സമര്‍പ്പിച്ചത്. 

കഴിഞ്ഞ ദിവസമാണ് മോദി വാരാണസിയിലെത്തിയത്. ബിജെപിയുടെ ശക്തി വിളിച്ചോതി വമ്പന്‍ റോഡ് ഷോ കഴിഞ്ഞ ദിവസം മോദി നടത്തിയിരുന്നു. ഇതിന് ശേഷം ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തതിന് ശേഷമാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

മോദിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കളട്രേറ്റിന് മുന്നില്‍ കൂടിനില്‍ക്കുന്നത്. ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി വാരാണസിയില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും, എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാര്‍ഥികളെയല്ല നിര്‍ത്തിയിട്ടുള്ളത്. 

ഇത്തവണ യുപിയില്‍ കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്താന്‍ മോദിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് വാരാണസിയില്‍ കൂറ്റന്‍ റോഡ് ഷോയടക്കം നാമനിര്‍ദേശ പത്രിക സമര്‍പ്പണം ബിജെപി ആഘോഷമാക്കി മാറ്റിയത്. ഇത് രണ്ടാം വട്ടമാണ് മോദി വാരാണസിയില്‍ നിന്ന് മത്സരിക്കുന്നത്. 

Content Highlights:  PM Narendra Modi files nomination from Varanasi parliamentary constituency