ന്യൂഡല്‍ഹി:  ഉത്തര്‍പ്രപദേശിലെ ഗോരഖ്പുരില്‍ ബിജെപിയെ പരാജയപ്പടുത്തിയ നിഷാദ് പാര്‍ട്ടി എന്‍ഡിഎ പാളയത്തിലേക്ക്.  യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ഗോരഖ്പൂരിലെ പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞിരുന്നു. ഈ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന നിഷാദ് പാര്‍ട്ടി ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യം വിട്ട് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് നിഷാദ് പാര്‍ട്ടി. പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദ്, സഞ്ജയ് നിഷാദിന്റെ മകനും ഗോരഖ്പുരിലെ എംപിയുമായ പ്രവീണ്‍ എന്നിവര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.

ഗോരഖ്പുരില്‍ നിന്ന് പ്രവീണ്‍ മത്സരിച്ചത് നിഷാദ് പാര്‍ട്ടിക്ക് പകരം സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ഇവിടെ മത്സരിക്കാനാണ് ഇവര്‍ ആഗ്രഹിച്ചത്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. സ്വന്തം ചിഹ്നത്തില്‍ പോലും മത്സരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയില്‍ നിന്ന് അണികള്‍ കൊഴിഞ്ഞുപോകുമെന്ന ഘട്ടം വന്നപ്പോഴാണ് മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോകാന്‍ നിഷാദ് പാര്‍ട്ടി തീരുമാനിച്ചത്. 

ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായെങ്കിലും ബിജെപിയോ നിഷാദി പാര്‍ട്ടിയോ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പുറത്തുപറഞ്ഞിട്ടില്ല. രണ്ടുദിവസം മുമ്പ് നിഷാദ് പാര്‍ട്ടി നടത്തിയ പത്രസമ്മേളനത്തില്‍ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചൂടാറുന്നതിന് മുമ്പേയാണ് മുന്നണിമാറ്റം നടക്കാനൊരുങ്ങുന്നത്.

Content Highlights: Nishad Party that foil BJP win in Gorakhpur seat may join NDA