ന്യൂഡല്‍ഹി: 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച എന്‍.ഡി.എക്ക് ഇത്തവണ പകുതിയിലേറെ സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു. 

യു.പിയില്‍ 80 ലോക്സഭാ സീറ്റുകളുള്ളതില്‍ 73 ഉം കഴിഞ്ഞ തവണ എന്‍.ഡി.എ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഏറ്റവും കൂടിയത് 58 സീറ്റുകള്‍ വരെ അവര്‍ക്ക് കിട്ടുമെന്നാണ് പ്രവചനങ്ങള്‍. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചേര്‍ന്ന മഹാസഖ്യത്തിന് 45 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. 

ടൈംസ് നൗവാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നത്- 58. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ പറയുന്നത് 57 സീറ്റ് എന്‍.ഡി.എക്ക് ലഭിക്കുമെന്നാണ്. എന്നാല്‍ എ.ബി.പി ന്യൂസ് പറയുന്നത് 33 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ്. 

കഴിഞ്ഞ തവണ സമാജ് വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകളാണ് നേടിയത്. ബി.എസ്. പിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചിരുന്നില്ല. എ.ബി.പി ന്യൂസ് 45 സീറ്റാണ് മഹാ സഖ്യത്തിന് ലഭിക്കുമെന്ന് പറയുന്നതെങ്കില്‍ റിപ്പബ്ലിക് ടിവി 40 സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു.

കോണ്‍ഗ്രസിന് രണ്ട് സീറ്റു മാത്രമാണ് ലഭിച്ചത്, അത് സോണിയയും രാഹുലും മത്സരിച്ച റായ്ബറേലിയും അമേഠിയുമാണ്. ഇത്തവണ കോണ്‍ഗ്രസിന് രണ്ടുമുതല്‍ നാലു വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

Content highlights: NDA may win more than half of LS seats in UP says Exit polls