ലഖ്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു. അവരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത്. വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ പ്രതിമ അതേയിടത്തു തന്നെ സ്ഥാപിക്കും- പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ മൗവിലെ തിരഞ്ഞെടുപ്പുറാലിയില്‍ പറഞ്ഞു. 

ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പു റാലിക്കിടെ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ അര്‍ധകായപ്രതിമ സംഘര്‍ഷത്തില്‍ തകര്‍പ്പെടുകയും ചെയ്തു. ബി ജെ പി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

കുറച്ചുമാസങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ മേദ്‌നിപുറില്‍വെച്ച് തന്റെ റാലിയില്‍ കടന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാണിച്ചു. ഇതിനു ശേഷം താക്കൂര്‍നഗറില്‍ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നുവെന്നും മോദി പറഞ്ഞു. 

content highlights: narendra modi attacks trinmool congress