ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ആറ് സംസ്ഥാനങ്ങളില്‍ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാക്കളെയും രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരെയും ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കി. അതിനിടെ, രണ്ടു വര്‍ഷത്തിനിടെ പാര്‍ട്ടിവിട്ട നേതാക്കളെയെല്ലാം തിരികെ കൊണ്ടുവരണമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ് മകന്‍ അഖിലേഷ് യാദവിനോട് നിര്‍ദ്ദേശിച്ചു.

ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാക്കളെയാണ് മായാവതി പുറത്താക്കിയത്. ഡല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരെയും നീക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഒരു സീറ്റുപോലും വിജയിക്കാന്‍ ബി.എസ്.പിക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്.

വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത ശേഷമാണ് മായാവതി നടപടികളിലേക്ക് നീങ്ങിയത്. ഉത്തര്‍പ്രദേശിലെ നേതാക്കളുടെ യോഗം പിന്നീട് ചേരും. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും രാഷ്ട്രീയ ലോക് ദളുമായും സഖ്യമുണ്ടാക്കിയ ബി.എസ്.പി പത്ത് ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലൊന്നും വിജയിക്കാന്‍ കഴിഞ്ഞില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ പിതാവ് മുലായം സിങ് യാദവിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകാനാണ് എസ്.പി നേതാവ് അഖിലേഷ് യാദവ് ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തീരുമാനങ്ങളെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അമ്മാവന്‍ ശിവ്പാല്‍ യാദവുമായി അടുപ്പമുണ്ടാക്കണമെന്നും മുലായംസിങ് യാദവ് മകന്‍ അഖിലേഷിനെ ഉപദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അഖിലേഷ് യാദവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ശിവ്പാല്‍ യാദവ് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി ലോഹിയ (പി.എസ്.പി.എല്‍) എന്ന പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.

Content Highlights: Mayavati, Akhilesh Yadav, UP