ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയുടെ പ്രസംഗം വിവാദമായതോടെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് തേടി.
മുസ്ലിം വിഭാഗക്കാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്നും എസ്.പി - ബി.എസ്.പി സഖ്യത്തിനുതന്നെ വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച നടത്തിയ പ്രസംഗമാണ് വിവാദമായത്. സഹരണ്‍പുര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മായാവതി വിവാദ പ്രസംഗം നടത്തിയത്.
കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ മുസ്ലിം വിഭാഗക്കാര്‍ എസ്.പി - ബി.എസ്.പി സഖ്യത്തിനുതന്നെ വോട്ടു ചെയ്യണമെന്നാണ് മായാവതി ആവശ്യപ്പെട്ടത്. എസ്.പി - ബി.എസ്.പി സഖ്യത്തിന് മാത്രമെ ബിജെപിയെ പരാജയപ്പെടുത്താനാകൂ. എന്നാല്‍ ഈ സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് മായാവതി ആരോപിച്ചു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും പങ്കെടുത്ത റാലിയിലായിരുന്നു മായാവതിയുടെ വിവാദ പരാമര്‍ശം. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗവും അടുത്തിടെ വിവാദമായിരുന്നു. അയ്യപ്പന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.
Content Highlights: Mayavati's election speech, Election Commission, UP