പടിഞ്ഞാറന്‍ യു.പി.യില്‍ 'കടുവകളുടെ നഗരം' എന്നു വിളിക്കപ്പെട്ട പ്രദേശമാണ് ഭാഗ്പത്. പഞ്ചപാണ്ഡവര്‍ കണ്ടെടുത്ത നഗരമെന്ന് മഹാഭാരതവ്യാഖ്യാനം. ഭാഗ്പത് എന്ന പേരിട്ടത് മുഗളന്മാരായിരുന്നു. ചരിത്രത്തിലും പുരാണത്തിലും കരുത്തിന്റെ പ്രതീകമായ ഭാഗ്പത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പോര്‍മുഖത്ത് നില്‍ക്കുന്നതാണ് വര്‍ത്തമാനചിത്രം.
മണ്ഡലമായി മാറിയശേഷം 1967-ലെ ആദ്യതിരഞ്ഞെടുപ്പില്‍ ഭാഗ്പത് വിജയിപ്പിച്ചത് ജനസംഘം നേതാവ് രഘുവീര്‍ സിങ് ശാസ്ത്രിയെയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പം നിന്നു. എന്നാല്‍, കര്‍ഷകരുടെ മിശിഹയെന്നു വിശേഷിപ്പിക്കപ്പെട്ട ചൗധരി ചരണ്‍ സിങ് 1977 മുതല്‍ ലോക്ദളിനുവേണ്ടി മണ്ഡലം കൈവിടാതെ കാത്തു. 1998-'99-ല്‍ ബി.ജെ.പി. വിജയിച്ചതൊഴിച്ചാല്‍ 1989 മുതല്‍ 2014 വരെ ചൗധരിയുടെ മകന് അജിത് സിങ്ങായിരുന്നു ഭാഗ്പതിന്റെ അമരക്കാരന്. പക്ഷേ, മോദിതരംഗം ആഞ്ഞടിച്ച 2014-ല്‍ അദ്ദേഹം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജാട്ടുകളും മുസ്ലിങ്ങളും നിര്‍ണായകമായിട്ടുള്ള മണ്ഡലത്തില്‍ 2013-ലെ മുസാഫര്‍നഗറിലെ കലാപം സൃഷ്ടിച്ച വര്‍ഗീയവിദ്വേഷത്തില്‍ മുറിവേറ്റത് ആര്.എല്‍.ഡി.ക്കായിരുന്നു.
2014-ല്‍ വിജയിച്ച സത്യപാല്‍ സിങ്ങിനെ ബി.ജെ.പി. ഇത്തവണ വീണ്ടും സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മകന് ജയന്ത് ചൗധരിയെ നിര്‍ത്തിയാണ് അജിത് സിങ്ങിന്റെ പടനീക്കം. പ്രതിപക്ഷസഖ്യത്തിലാണ് മത്സരം. എസ്.പി.-ബി.എസ്.പി. സഖ്യത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടെങ്കിലും ഭാഗ്പതില് ആര്.എല്‍.ഡി.യെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബി.ജെ.പി. കഴിഞ്ഞതവണ 4.30 ലക്ഷം വോട്ട് നേടി. എസ്.പി. 2.13 ലക്ഷവും അജിത് സിങ് രണ്ടുലക്ഷവും വോട്ടുകള്‍ നേടി. ബി.എസ്.പി.ക്ക് 1.41 ലക്ഷവും വോട്ടുണ്ടായിരുന്നു. 2014-ല്‍ ഭിന്നിച്ച വോട്ടുകള്‍ ഇത്തവണ പ്രതിപക്ഷസഖ്യമായതിനാല് ഒന്നിച്ചുവന്ന് ബി.ജെ.പി.യെ വീഴ്ത്തുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍. ഇവിടത്തെ 15 ലക്ഷം വോട്ടര്‍മാരില്‍ അഞ്ചേകാല്‍ ലക്ഷം മുസ്ലിങ്ങളാണ്. മൂന്നേകാല്‍ ലക്ഷം ജാട്ടുകളും ഒരു ലക്ഷം സവര്‍ണരും 1.70 ഗുജ്ജറുകളുമൊക്കെയാണ് മറ്റു വോട്ടര്‍മാര്‍. ഇതില്‍ ജാട്ടുകളില്‍ മഹാഭൂരിപക്ഷവും മുസ്ലിങ്ങള്‍ മുഴുവനും ഗുജ്ജറുകളില് വലിയൊരു വിഭാഗവും ഒപ്പമുണ്ടെന്ന് പ്രതിപക്ഷം വാദിക്കുന്നു.
മൂന്ന് പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കുന്നത് തന്നെയാണ് വിജയഘടകമെന്ന് ആര്.എല്‍.ഡി. ഭാഗ്പത് ഉപാധ്യക്ഷന്‍ ശ്രീറാംപാല് ധാമ പറഞ്ഞു. കഴിഞ്ഞ തവണത്തേതുപോലെ വര്‍ഗീയതയല്ല വോട്ടര്‍മാര്‍ക്കിടയിലെ ചര്‍ച്ച. കരിമ്പുകര്‍ഷകരുടെ പ്രതിസന്ധിയും തൊഴിലില്ലായ്മയുമൊക്കെ ബി.ജെ.പി.ക്ക് പ്രഹരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയവും വികസനവുമാണ് ചര്‍ച്ചയെന്നു ചരണ്‍സിങ്ങിന്റെ കാലം മുതലുള്ള പാര്‍ട്ടി പ്രവര്ത്തകന് അശോക് തോമര്‍ പറഞ്ഞു. ജാട്ട്-മുസ്ലിം ഐക്യം സാധ്യമാക്കിയ ചൗധരിയുടെ ജന്മദിനാഘോഷം മോദിസര്‍ക്കാര്‍ വേണ്ടെന്നു വെച്ചതിന്റെ രോഷത്തിലുമാണ് ഭാഗ്പതുകാരെന്നും അദ്ദേഹം പറഞ്ഞു.
റോഡും സ്കൂളുമൊക്കെയായി സത്യപാല്‍ വികസനം നടപ്പാക്കിയെന്നാണ് ബി.ജെ.പി.യുടെ വാദം. മോദിസര്‍ക്കാരിന്റെ നേട്ടങ്ങളായ വികസനവും ദേശീയവാദവുമൊക്കെ ചര്‍ച്ചയാണെന്ന് ഭാഗ്പത് ജില്ലാനേതാവ് ഭൂപേന്ദര്‍ സിങ് വിശദീകരിച്ചു. പ്രതിപക്ഷസഖ്യത്തില്‍ നിരാശരാണ് ജാട്ടുകളും ഗുജ്ജറുകളും. ആദ്യമൊക്കെ സ്കൂളില്‍ പ്രധാനമന്ത്രിയാരെന്ന് അധ്യാപകര്‍ തല്ലിപ്പഠിപ്പിക്കുമായിരുന്നു. ഇന്ന് രാജ്യത്തുള്ളവര്‍ക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയാം- മോദിയുടെ ജനപ്രീതിയെക്കുറിച്ച് ഭൂപേന്ദര്‍ സിങ്ങിന്റെ ഉദാഹരണം ഇങ്ങനെ.
മുംബൈ മുന്‍പോലീസ് കമ്മിഷണറായ സത്യപാല്‍ സിങ്ങും ഭാഗ്പതിന് പുറത്തു താമസിക്കുന്ന ജയന്ത് ചൗധരിയും പുറംനാട്ടുകാരെന്നാണ് മറ്റൊരു വാദപ്രതിവാദം. എന്നാല്‍, സത്യപാല്‍ ഭാഗ്പതിലെ ബസോളി ഗ്രാമക്കാരനാണെന്ന് ബി.ജെ.പി.യും ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മഗ്രാമം മണ്ഡലത്തിലെ നൂര്‍പുര്‍ ആണെന്നു ആര്.എല്‍.ഡി.യും ന്യായീകരിക്കുന്നു.
Content Highlights: Loksabha Election Uttarpradesh Bhagpat Seat, BJP and Opposition unity