അലിഗഡ് (യു.പി): ചായ കച്ചവടക്കാരനായിരുന്ന ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത് ബാബ സാഹിബ് അംബേദ്കറുടെ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തില്‍പ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ കഴിഞ്ഞു. കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തി ഉപരാഷ്ട്രപതിയായി. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

തന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെയും പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഉത്തര്‍പ്രദേശിലെ എസ്.പി - ബി.എസ്.പി - ആര്‍.എല്‍.ഡി സഖ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ 40 സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) രാഷ്ട്രീയ ലോക്ദള്ളും (ആര്‍.എല്‍.ഡി) ഉള്‍പ്പെട്ട സംഖ്യം രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. അമേഠി, റായ്ബറേലി മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും.

Content Highlights: PM: Modi, chaiwala, Constitution