റായ്ബറേലി: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് അസാധുവാക്കലും 'ഗബ്ബര്‍സിങ് ടാക്‌സും' പോലെയുള്ള മണ്ടത്തരങ്ങള്‍ 70 വര്‍ഷത്തിനിടെ രാജ്യത്ത് ആരും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തിന് നേരിടേണ്ടിവന്ന എല്ലാ മോശപ്പെട്ടകാര്യങ്ങള്‍ക്കും ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന വിമര്‍ശം പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ഇതിനാണ് രാഹുല്‍ മറുപടി നല്‍കിയത്.

22 ലക്ഷം ഒഴിവുകളില്‍ സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. സുഹൃത്തുക്കളെ സഹായിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രിക്ക് താത്പര്യം. നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും എവിടെ ? ജയിലിലോ അതോ പുറത്തോ ? പ്രധാനമന്ത്രി നിങ്ങളുടെ പോക്കറ്റില്‍നിന്ന് എടുത്ത പണം കോണ്‍ഗ്രസ് നിങ്ങള്‍ക്ക് തിരിച്ചുനല്‍കും. നിങ്ങളുടെ വീട്ടില്‍നിന്ന് മോദി പണം കൊണ്ടുപോയി. കള്ളം പറഞ്ഞ് നിങ്ങളെ വിഡ്ഢികളാക്കി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തി. കള്ളപ്പണത്തിന് എതിരായ പോരാട്ടമാണ് അതെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് മല്യയേയും നീരവ് മോദിയേയും പോലെയുള്ളവര്‍ ക്യൂ നല്‍കുന്നത് നിങ്ങള്‍ കണ്ടുവോ ?

നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. ന്യായ് പദ്ധതി വരുന്നതോടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജനങ്ങള്‍ക്ക് പണം കിട്ടുന്നതോടെ ഇഷ്ടമുള്ളതെന്തും വാങ്ങാന്‍ കഴിയുമെന്നും രാഹുല്‍ഗാന്ധി അവകാശപ്പെട്ടു.

Content highlights: demonetisation, Gabbar Singh Tax, Rahul Gandhi