ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരു കൂട്ടം ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി. കുട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരിക്കുന്നത്. 

പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കില്‍നിന്നും കുട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ പറയുന്നു. കുട്ടികള്‍ അപമാനകരവും അസഭ്യവുമായ പരാമര്‍ശങ്ങള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നില്ലായെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് 2017 ജനുവരി ഇരുപതിന് തിരഞ്ഞെടുപ്പു കമ്മീഷനോട് കത്ത് മുഖാന്തരം ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാര്‍ട്ടികള്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാന്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണെമെന്നും ബാലാവകാശ കമ്മീഷന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും ഇപ്പോള്‍ അയച്ച കത്തില്‍ ബാലാവകാശ കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന അര്‍ഥം വരുന്ന ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നാലെയാണ് കുട്ടികള്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്ന് പ്രിയങ്ക വിലക്കുകയും ചെയ്തിരുന്നു.

content highlights: children abusing modi nationalcommission for protection of child right writes to election commission, priyanka gandhi