വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരണസിയില്‍ 111 തമിഴ് കര്‍ഷകര്‍ മത്സരിക്കും. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവന്ന തമിഴ് നാട്ടിലെ കര്‍ഷകരാണ് മോദിക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് കര്‍ഷക സംഘടനാ നേതാവ് പി. അയ്യക്കണ്ണ് പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്നുള്ള 111 കര്‍ഷകരാണ് വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഡിഎയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചു കൊണ്ടാണ് കര്‍ഷകര്‍ മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ബിജെപി തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകതന്നെ ചെയ്യുമെന്നും അയ്യക്കണ്ണ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് കര്‍ഷകരുടെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീരുമാനത്തിന് രാജ്യത്തെ എല്ലാ കര്‍ഷകരുടെയും പിന്തുണയുണ്ടെന്നും അയ്യക്കണ്ണ് പറഞ്ഞു. ഡിഎംകെ, എഎംഎംകെ തുടങ്ങിയ കക്ഷികള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ബിജെപിയാണ് ഭരണം കയ്യാളുന്നത്. അതിനാലാണ് ബിജെപിയോട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിക്കോ പ്രധാനമന്ത്രി മോദിക്കോ എതിരല്ല തങ്ങളെന്നും അധികാരത്തിലെത്തുന്നതിനു മുന്‍പ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും വരുമാനം വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നുമുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി 300 കര്‍ഷകര്‍ക്ക് വാരാണസിയിലേയ്ക്ക് പോകുന്നതിന് തീവണ്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായും അയ്യക്കണ്ണ് വ്യക്തമാക്കി.

Content Highlights: Tamil Nadu farmers to contest against PM Modi in Varanasi, Lok Sabha Election 2019