റായ്ബറേലി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിയത്. 

പ്രചാരണത്തിനിടെ റായ്ബറേലിയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് അഭ്യര്‍ഥിച്ചിരുന്നു. അപ്പോള്‍ എന്തുകൊണ്ട് വാരാണസിയില്‍ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക മറുപടിയായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്.

നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ഉള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പാര്‍ട്ടി ഇവിടേക്ക് നിയോഗിച്ചതോടെ സോണിയയുടെ മണ്ഡലത്തില്‍ പ്രിയങ്ക മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍  പരന്നിരുന്നു. പ്രിയങ്ക മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. കിഴക്കന്‍ യുപിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രിയങ്ക നടത്തിയ റാലികളും ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Content Highlights: "Why Not Varanasi," Priyanka Gandhi Election Replay