ഛണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് അമരീന്ദര്‍ സിങ്. 

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ എല്ലാ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉത്തരവാദിത്വമുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് തനിക്ക് അത്ര ഉറപ്പുണ്ടെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

2017-ലാണ് ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി അമരീന്ദര്‍ സിങ് പഞ്ചാബില്‍ അധികാരത്തിലേറിയത്. 117-ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 

പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കും അവസാനഘട്ടമായ മെയ് 19-നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Content Highlights: will resign if congress gets wiped out from punjab amarinder singh