വെള്ളിത്തിരയിൽ‌ കനത്തസാന്നിധ്യമാണ് സണ്ണി ഡിയോൾ. രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമുള്ള പൗരുഷംകൊണ്ട് ബോളിവുഡിൽ അദ്ദേഹത്തെ തേടിയെത്തിയതിലധികവും പൗരുഷകഥാപാത്രങ്ങൾ. അച്ഛൻ ധർമേന്ദ്രയുടെ താരസിംഹാസനത്തിൽ കയറി എന്നുപറയാനാവില്ലെങ്കിലും സിനിമയിൽ നിറഞ്ഞുനിന്ന സണ്ണിയും ഒടുവിൽ അച്ഛന്റെ വഴിയിൽ രാഷ്ട്രീയത്തിലെത്തി. ബി.ജെ.പി. എം.പി.യായിരുന്ന ധർമേന്ദ്ര, എം.പി.യും ഇപ്പോൾ സ്ഥാനാർഥിയുമായ രണ്ടാനമ്മ ഹേമമാലിനിക്കും പിന്നാലെ ഒരാൾകൂടി ചലച്ചിത്രകുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തി. 2001-ൽ ‘ഗദ്ദർ ഏക് പ്രേം കഹാനി’യിലൂടെ അതുവരെയുള്ള ബോളിവുഡ് കളക്‌ഷൻ റെക്കോഡ് ഭേദിച്ച സണ്ണി തിരഞ്ഞെടുപ്പിലും റെക്കോഡ് ഭൂരിപക്ഷം നേടുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

മിന്നലാക്രമണവും പാകിസ്താനെതിരേയുള്ള യുദ്ധവും ദേശീയതയുമൊക്കെ ചർച്ചയാവുന്ന തിരഞ്ഞെടുപ്പിലാണ്, മികച്ച യുദ്ധസിനിമകളിലൊന്നായ ബോർഡറിലെ പ്രധാന നായകനെത്തുന്നത്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ സംഭവമായിരുന്നു സിനിമയുടെ പ്രമേയം. ഒരുമാസംമുമ്പ് ബി.ജെ.പി.യിലെത്തിയ അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോളിനെ സ്ഥാനാർഥിയാക്കിയതിലും അത്തരമൊരു കണ്ണുണ്ട്. പ്രത്യേകിച്ച് പാകിസ്താനുമായി അതിർത്തിപങ്കിടുന്ന പഞ്ചാബിലെ ഗുർദാസ്‌പുരിൽ.

എന്നാൽ, സംഘർഷവും യുദ്ധങ്ങളും ഉണ്ടാക്കുന്ന ദുരിതങ്ങൾകൂടി അറിയുന്ന പഞ്ചാബ് ജനതയെ അങ്ങനെ പറ്റിക്കാനാവില്ലെന്നാണ് കോൺഗ്രസിന്റെ മറുപടി. സിനിമയിലെ യുദ്ധനായകൻ പക്ഷേ, ജനങ്ങളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞതുകേട്ട് ബി.ജെ.പി.ക്കാർപോലും ഞെട്ടി. ഇന്ത്യ-പാക് ബന്ധത്തെപ്പറ്റിയോ ബാലാകോട്ട് വ്യോമാക്രമണം പോലുള്ള വിഷയങ്ങളെപ്പറ്റിയോ തനിക്ക് അധികമൊന്നും അറിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം തുറന്നുസമ്മതിച്ചത്. “ജനങ്ങളെ സേവിക്കാനാണ് ഞാൻ വന്നത്. ജയിച്ചാൽ അതിന് അവസരമാവും. ഇപ്പോൾ ആ അവസരമില്ല” -അദ്ദേഹം പറഞ്ഞു.

കാര്യങ്ങളിങ്ങനെയാണെങ്കിലും സണ്ണിയുടെ എതിരാളി ചില്ലറക്കാരനല്ല. മക്കൾരാഷ്ട്രീയത്തിൽ ഉൾപ്പെടുന്നയാൾ തന്നെയാണ് എതിർസ്ഥാനാർഥിയും. മുതിർന്ന കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറുടെ മകൻ നിലവിലെ എം.പി. സുനിൽ ഝാക്കർ. വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം എം.പി.യായത്.

62-കാരനായ സണ്ണിക്ക് ബി.ജെ.പി. അംഗത്വം നൽകിയ ചടങ്ങിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, പ്രായം മനസ്സിലാവാത്തതുകൊണ്ടോ യുവത്വം നിലനിർത്തുന്ന നടനായതുകൊണ്ടോ എന്നറിയില്ല യുവാവ് എന്ന് അദ്ദേഹത്തെ വിളിച്ചത് വൻ ചർച്ചയായിരുന്നു. ബൽറാം ഝാക്കർ സഹോദരനെപ്പോലെയാണെന്നും സുനിൽ ഝാക്കറാണ് സ്ഥാനാർഥി എന്നറിഞ്ഞിരുന്നേൽ ഗുർദാസ്‌പുരിൽ മത്സരിക്കാൻ സണ്ണിയെ അനുവദിക്കില്ലായിരുന്നെന്ന് ധർമേന്ദ്ര പറഞ്ഞതും വാർത്തയായി.

2017-ൽ 1,93,219 വോട്ടായിരുന്നു സുനിൽ ഝാക്കറുടെ ഭൂരിപക്ഷം. 2014-ൽ വിനോദ് ഖന്ന 1,36,065 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ വൻ ഭൂരിപക്ഷംനേടി വിജയിച്ച അദ്ദേഹം 2009-ൽ 8342 വോട്ടിനാണ് പരാജയപ്പെട്ടത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമാണ് ഗുർദാസ്‌പുർ. പക്ഷേ, കോൺഗ്രസ് ഏറെ പ്രതീക്ഷവെക്കുന്ന പഞ്ചാബിൽ ഇക്കുറി സണ്ണിക്ക് കാര്യങ്ങൾ എളുപ്പമാവണമെന്നില്ല. കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നേതൃത്വം പഞ്ചാബിൽ തുണയ്ക്കുമെന്നുതന്നെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വാസം. ജി.എസ്.ടി.യിൽ തകർന്നുപോയ ചെറുകിട കച്ചവടക്കാരുടെ സമൂഹവും സമുദായവും ബി.ജെ.പി.ക്കെതിരേ തിരിഞ്ഞതാണ് 2017-ലെ ഉപതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയായത്. പക്ഷേ, ബാലാകോട്ട് മിന്നലാക്രമണം കാര്യങ്ങൾ അനുകൂലമാക്കുമെന്നും അമരീന്ദർ സിങ് സർക്കാർ ഒന്നും ചെയ്തില്ലെന്നുമാണ് ബി.ജെ.പി.യുടെ വാദം.

content highlights: Sunny deol contesting from gurdaspur punjab loksabha election 2019