ന്യൂഡല്‍ഹി: എതിര്‍ സ്ഥാനാര്‍ഥി സുനില്‍ ജാക്കറാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ മകനും നടനുമായ സണ്ണിഡിയോളിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ അനുവദിക്കില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവും മുന്‍ എംപിയുമായ ധര്‍മേന്ദ്ര. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സണ്ണിഡിയോള്‍. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ സുനില്‍ ജാക്കര്‍ ഇവിടുത്തെ സിറ്റിങ് എംപിയാണ്. 

ബല്‍റാം ജാക്കര്‍ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ മകനായ സുനില്‍ ജാക്കറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന് നേരത്തെ അറിഞ്ഞെങ്കില്‍ സണ്ണിയെ താന്‍ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കുമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ധര്‍മേന്ദ്ര പറഞ്ഞു. 62 കാരനായ സണ്ണി ഡിയോള്‍ ഏപ്രിലില്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. 

സുനില്‍ ജാക്കറും പിതാവ് ബല്‍റാം ജാക്കറും അനുഭവജ്ഞാനമുള്ള രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും എന്നാല്‍ അതേസമയം താനും മകനുമൊക്കെ സിനിമാമേഖലയില്‍ നിന്നെത്തിയവരാണെന്നും ധര്‍മേന്ദ്ര പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതിന് പരിഹാരം കാണുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും മത്സരത്തെ കുറിച്ച് ഗാൗരവമായി ചിന്തിക്കുന്നില്ലെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു. ഗുര്‍ദാസ്പുരില്‍ സണ്ണിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും ധര്‍മേന്ദ്ര പങ്കെടുത്തു.  

ഗുര്‍ദാസ്പുര്‍ ബിജെപിയ്ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ്. മെയ് 19 നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രചരണപരിപാടികളുടെ ഭാഗമായി സണ്ണിഡിയോള്‍ റോഡ് ഷോ നടത്തിയിരുന്നു. റോഡ് ഷോയ്ക്കിടെ ജനങ്ങള്‍ സണ്ണിയോട് കാണിച്ച് സ്‌നേഹപ്രകടനം കണ്ട് താന്‍ അമ്പരന്നെന്നും ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സുനില്‍ ജാക്കറിലൂടെ സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തത്‌.       

Content Highlights: Dharmendra, Sunny Deol, Sunil Jhaker, Gurdaspur