ഛണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍തരംഗം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര കലഹം രൂക്ഷമായ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ശിരോമണി അകാലിദളിനും ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താനാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

2014-ല്‍ 24.5 ശതമാനം വോട്ടുകളോടെ നാല് സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു. 26.4 ശതമാനം വോട്ടുകളോടെ ശിരോമണി അകാലിദളും നാല് സീറ്റുകള്‍ നേടിയിരുന്നു. 33 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. 8.6 ശതമാനം വോട്ട് ലഭിച്ച  അകാലിദള്‍ സഖ്യകക്ഷിയായ ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നു. ഇതിന് ശേഷം ബിജെപി എംപി വിനോദ് ഖന്ന മരിച്ചതിനെ തുടര്‍ന്ന് 2017-ല്‍ ഗുരുദാസ്പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ച് പിടിക്കുകയും ചെയ്തു. ആകെ പതിനൊന്ന് ലോക്‌സഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്‌.

2014-രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ അടിത്തറ. വിഭാഗീയതയും നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ആം ആദ്മി പാര്‍ട്ടിയെ സംസ്ഥാനത്ത് ആകെ ക്ഷീണിപ്പിച്ച നിലയിലാണ്. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണെന്നും പറയപ്പെടുന്നു. പുതുതായി രൂപീകരിച്ച ശിരോമണി അകാലിദള്‍ (തക്‌സാലി) എന്ന പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിക്കുകയാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി. ശിരോമണി അകാലി ദളിന്റെ മുതിര്‍ന്ന നോതാക്കള്‍ ചേര്‍ന്ന് രൂപീകരച്ചതാണ് ശിരോമണി അകാലിദള്‍ (തക്‌സാലി) എന്ന പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബിര്‍ സിങ് ബാദലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമുമായുള്ള നേതാക്കളുടെ ബന്ധവും ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണവും വിഭാഗീയത രൂക്ഷമാക്കി.

2017-ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ചില പദ്ധതികളും പാര്‍ട്ടിയുടെ ജനകീയത വര്‍ധിപ്പിച്ചു. ശിരോമണി അകാലിദളിന്റെ ജനപ്രതിനിധികളടക്കം തിരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. അകാലിദളിന്റെ മുതിര്‍ന്ന നേതാവായ തേജീന്ദര്‍ പാല്‍ സിങ് തിങ്കളാഴ്ച കോണ്‍ഗ്രസിലെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. അകാലിദളിന്റെ ഫിറോസ്പുര്‍ എംപിയും ഷേര്‍ സിങ് ഘുബായ ഈ മാസം ആദ്യം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Content Highlights: Congress in Punjab-loksabha election 2019