ചണ്ഡീഗഡ്: കിരണ്‍ ഖേറിനെ ചണ്ഡീഗഢില്‍ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ബിജെപിയുടെ പഞ്ചാബ് ഘടകത്തില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്.
അവസാന നിമിഷം സിറ്റിങ് എം.പിയായ കിരണ്‍ ഖേറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഭിന്നത. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2014 ല്‍ മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പവന് കുമാര്‍ ബന്‍സലിനെ അട്ടിമറിച്ചാണ് കിരണ്‍ ഖേര്‍ മണ്ഡലം പിടിച്ചെടുത്തത്.
എന്നാല്‍ ഇത്തവണ കിരണിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ടണ്ടണിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അവസാന നിമിഷം ദേശീയ നേതൃത്വം കിരണിനെ സ്ഥാനാനാര്ഥിയാക്കുകയായിരുന്നു.
ഇത്തവണയും പവന് കുമാര്‍ ബന്‍സല്‍ തന്നെയാണ് കിരണിന്റെ എതിരാളി. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ കിരണിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അനിശ്ചിതത്വത്തിലാണ്. മണ്ഡലത്തിനുള്ളിലും കിരണിനെതിരെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.വി ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വോട്ടര്‍ 2014ലെ പ്രകടനപത്രിക വെച്ച് കിരണിനെ ചോദ്യം ചോദ്യം ചെയ്യുകയും വാഗ്ദാനങ്ങള്‍ പാലിച്ചോ എന്ന് ആരായുകയും ചെയ്തത് ചര്‍ച്ചയായി. ഈ സമയത്ത് കിരണിന്റെ ഭര്‍ത്താവും സിനിമ താരവുമായ അനുപം ഖേര്‍ പ്രകോപിതനായത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഞായറാഴ്ച മണ്ഡലത്തില്‍ നടന്ന റാലിയില്‍ സംസാരിക്കാനെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ വരവേറ്റത് ഒഴിഞ്ഞ കസേരകളായിരുന്നു. അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നത് കാണാമായിരുന്നു. ആളുകള്‍ കുറവായതിനാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്ന അനുപം ഖേറിന്റെ പൊതുയോവും മാറ്റിവെച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്ന മെയ് 19നാണ് ചണ്ഡീഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുക.
content highlights: Kirron Kher, Punjab, Chandigarh, BJP, lok sabha election 2019