ഛണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു 20 ദിവസത്തോളമായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഭാര്യ നവജ്യോത് കൗറിന് പാര്‍ട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിലുള്ള നിരാശയിലാണ് സിദ്ദുവിന്റെ പിന്‍മാറ്റമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഛണ്ഡീഗഢില്‍ നവജ്യോത് കൗറ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് പവന്‍ കുമാര്‍ ബന്‍സാലിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദുവിന്റെ ഭാര്യയെ അമൃത്സറില്‍ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയില്‍ സിറ്റിങ് എംപി ഗുര്‍ജിത് സിങ് ഔജ്‌ലയുടെ പേരാണ് ഇടംപിടിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് 2014-ല്‍ അരുണ്‍ ജെയ്റ്റ്‌ലിയെ അമൃത്സറില്‍ പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പഞ്ചാബില്‍ ഭരണം പിടിച്ചതോടെ അദ്ദേഹം എംപി സ്ഥാനം രാജിവെക്കുകയായിരുന്നു.

അരുണ്‍ ജെയ്റ്റ്‌ലിക്ക് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിയാകുകയും ചെയ്തു. 

അടുത്തിടെ മോഗയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സിദ്ദുവിന് ക്ഷണം ലഭിച്ചില്ലെന്നതും ഛണ്ഡീഗഢിലെ പ്രചാരകരുടെ പട്ടികയില്‍ ഇടംപടിക്കാത്തതും അദ്ദേഹത്തെ നിരാശയിലാഴ്ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍ സിദ്ദുവിന് ഇടംലഭിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി സിദ്ദുവിന് നല്ല ബന്ധമല്ല ഉള്ളത്.

Content Highlights: 19 Days And Counting, Upset Navjot Sidhu Skips Work, Stays Out Of Touch