കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ജമ്മുകശ്മീരിൽ ഇക്കുറി തിരഞ്ഞെടുപ്പ്. ഭീകരാക്രമണം, വ്യോമാക്രമണം, രാഷ്ട്രപതിഭരണം... വിഷയങ്ങളേറെയുണ്ട് ഇവിടെ. സഖ്യമുണ്ടാക്കി സംസ്ഥാനഭരണം നടത്തി പരസ്പരം കൈപൊള്ളിയ പി.ഡി.പി.യും ബി.ജെ.പി.യും. പ്രതാപം തിരിച്ചുപിടിക്കാൻ നാഷണൽ കോൺഫറൻസ്. പ്രതീക്ഷയോടെ കോൺഗ്രസ്. കശ്മീരിലെ സഖ്യങ്ങളുടെ കാര്യത്തിൽ അന്തിമതീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

ഫാറൂഖ് അബ്ദുള്ള, മുഫ്തി മുഹമ്മദ് സയ്യിദ് എന്നിവരെച്ചുറ്റിപ്പറ്റിയായിരുന്നു കുറെക്കാലം സംസ്ഥാനത്തെ രാഷ്ട്രീയം. 2008-ൽ സംസ്ഥാന ഭരണത്തിൽനിന്ന് കോൺഗ്രസ് ഇറങ്ങിയതാണ്. ഫാറൂഖിൽനിന്ന് മകൻ ഒമർ അബ്ദുള്ളയിലേക്കും മുഫ്തി മുഹമ്മദ് സയ്യിദിൽനിന്ന് മകൾ മെഹബൂബ മുഫ്തിയിലേക്കും കശ്മീർരാഷ്ട്രീയം മാറിയിട്ട് കുറച്ചുനാളായി. 2016-ൽ മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു.

നാലുവട്ടം മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ഇക്കുറിയും പൊതുതിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്, എൺപത്തിരണ്ടാം വയസ്സിൽ ശ്രീനഗർ മണ്ഡലത്തിൽനിന്ന്. 40 വർഷത്തെ രാഷ്ട്രീയചരിത്രത്തിൽ ഒരുതവണമാത്രമേ ഈ മുൻ കേന്ദ്രമന്ത്രി പരാജയപ്പെട്ടിട്ടുള്ളൂ. ത്രികോണ മത്സരത്തിലും അദ്ദേഹം മേൽക്കൈ അവകാശപ്പെടുന്നത് വെറുതേയല്ല.

നാഷണൽ കോൺഫറൻസിന്റെ ആചാര്യനെതിരേ കോൺഗ്രസ് എതിർസ്ഥാനാർഥിയെ നിർത്താത്തത് ധാരണയുടെ ഭാഗമാണ്. പകരം ജമ്മു, ഉധംപുർ സീറ്റുകളിൽ കോൺഗ്രസിനെതിരേ നാഷണൽ കോൺഫറൻസ് മത്സരിക്കില്ല. മറ്റ് മൂന്നുസീറ്റുകളിൽ സൗഹൃദമത്സരം എന്നാണ് ഇപ്പോഴത്തെ ധാരണ. ശ്രീനഗറിൽ അഗ മുഹ്സിൻ ആണ് പി.ഡി.പി. സ്ഥാനാർഥി. പത്രപ്രവർത്തകൻ ഖാലിദ് ജഹാംഗീർ ബി.ജെ.പി.ക്കുവേണ്ടി ജനവിധി തേടുന്നു.

2014-ൽ ഫാറൂഖ് അബ്ദുള്ളയെ കൈവിട്ട മണ്ഡലമാണ് ശ്രീനഗർ. പി.ഡി.പി.യിലെ താരീഖ് ഹമീദ് കാരായാണ് വിജയിച്ചത്. പിന്നീട് അദ്ദേഹം പി.ഡി.പി.യിൽനിന്നും എം.പി. സ്ഥാനവും രാജിവെച്ചു. 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ള വിജയിച്ചു. അന്നും കോൺഗ്രസ് അദ്ദേഹത്തെ പിന്തുണച്ചു.

മോദിക്കെതിരേ നിലപാട് കടുപ്പിച്ചാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രചാരണം. പാർലമെൻറിലെ അവസാനദിവസങ്ങളിൽ കാണുമ്പോൾ അധികാരം നഷ്ടപ്പെട്ടെന്ന് മോദിക്ക് ബോധ്യമായെന്ന് മുഖത്തുനിന്നുതന്നെ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും 15 ലക്ഷം തരുമെന്ന് പറഞ്ഞുപറ്റിച്ചു. ചോദിക്കുമ്പോൾ പറയുന്നു പാകിസ്താനെ ആക്രമിക്കുമെന്ന്. ഇപ്പോൾ ബാലാക്കോട്ട് ആക്രമണത്തിന്റെ പേരിൽ കള്ളം പറയുന്നു. എത്രനാൾ ഇങ്ങനെ കള്ളംപറഞ്ഞ് നടക്കും. കശ്മീരിലെ ജനങ്ങൾ ആരുടെയും അടിമകളല്ല. ഇവിടെ ജീവിതം ദുസ്സഹമാക്കാൻ ആർക്കും അവകാശവുമില്ലെന്നും ഫാറൂഖ് പറഞ്ഞു.

അക്രമപരമ്പരകൾക്ക് നടുവിലായിരുന്നു 2017-ലെയും തിരഞ്ഞെടുപ്പ്. ആകെ സമ്മതിദായകരിൽ ഏഴ് ശതമാനംപേർ മാത്രമാണ് വോട്ടുചെയ്തത്. ഭീകരപ്രവർത്തനങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയ 1990 മുതൽ ശ്രീനഗർ ഉൾപ്പെടെ നഗരമേഖലയിൽ വോട്ടിങ് ശതമാനം കുറഞ്ഞു. ഫലത്തിൽ വോട്ടുചെയ്യുന്ന ഗ്രാമീണരായി സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത്. ശ്രീനഗറിൽ കാംഗൻ, ഗന്ധേർബൽ, ബീർവ, ഖാൻസാഹിബ്, ഛ്രാർ ഇ ഷെരീഫ്, ബദ്ഗാം തുടങ്ങിയ ഗ്രാമങ്ങളാവും വിധി നിർണയിക്കുക. 12,90,318 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലുള്ള 1716 പോളിങ് ബൂത്തുകൾക്കുപുറമേ മറ്റ് നാടുകളിലേക്ക് കുടിയേറിയവർക്ക് അയൽനാടുകളിലും പോളിങ് ബൂത്തുകളുണ്ട്. ജമ്മുവിൽ 21, ഉധംപുരിൽ ഒന്ന്, ന്യൂഡൽഹിയിൽ നാല് എന്നിങ്ങനെ പോളിങ് ബൂത്തുകൾ ശ്രീനഗറിനായി പുറത്തുണ്ട്.

പ്രത്യേകപദവി പ്രധാന ചർച്ച

ശ്രീനഗർ: കശ്മീരിൽ പ്രത്യേക ഭരണഘടനാപദവി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. ദേശീയ സുരക്ഷയും അഴിമതിയും ദേശീയപ്പാർട്ടികൾ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാനത്തിന്റെ പ്രത്യേകപദവി തന്നെയാണ് പ്രധാന വിഷയം.

നാഷണൽ കോൺഫറൻസ്, പി.ഡി.പി., സജ്ജദ് ഗനി ലോണിന്റെ പീപ്പിൾസ് കോൺഫറൻസ് എന്നീ കക്ഷികളെല്ലാം ഭരണഘടനയിലെ 35എ, 370 വകുപ്പുകൾ നിലനിർത്തുന്നതിനെപ്പറ്റിയാണ് പ്രചാരണം നടത്തുന്നത്. 2020-ഓടെ 35-എ വകുപ്പ് ഇല്ലാതാക്കുമെന്ന ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ പരാമർശത്തെത്തുടർന്നാണിത്.

കശ്മീരിന്റെ പ്രത്യേകപദവി രാജ്യത്തിൻറെ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണെന്ന് നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള പറഞ്ഞു. പ്രത്യേക ഭരണഘാടനാ പദവിയാണ് രാജ്യത്ത് കശ്മീരിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതെന്ന് പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. ഒരു ശക്തിക്കും 370-ാം വകുപ്പ് ഇല്ലാതാക്കാനാവില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗുലാം നബി ആസാദ് പറഞ്ഞു.