ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശത്തിന് മറുപടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങളില്‍നിന്ന് കശ്മീരിനെ മോചിപ്പിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി മോദി മുഫ്തി കുടുംബത്തിലെ രണ്ടുപേരെ എന്തിന് കശ്മീര്‍ മുഖ്യമന്ത്രിമാരാക്കിയെന്ന് അദ്ദേഹം ചോദിച്ചു.

മുഫ്തി കുടുംബത്തിലെ ഒരാളെയല്ല, രണ്ടുപേരെയാണ് അദ്ദേഹം കശ്മീര്‍ മുഖ്യമന്ത്രിമാരാക്കിയതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങള്‍ ജമ്മു കശ്മീരിലെ മൂന്ന് തലമുറകളെ തകര്‍ത്തവരാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത്.

കത്വയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോദി നേരത്തെ അബ്ദുള്ള - മുഫ്തി കുടുംബങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ വിഭജിക്കാന്‍ മുഫ്തിയെയും അബ്ദുള്ളയെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവരുടെ കുടുംബങ്ങളില്‍നിന്ന് മുക്തമാക്കിയാല്‍ മാത്രമെ കശ്മീരിന് മികച്ച ഭാവി ഉറപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമിക്കുകയും പിന്നീട് അവരുമായി സഖ്യമുണ്ടാക്കാന്‍ ദൂതന്മാരെ അയയ്ക്കുകയും ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് അവര്‍ ചോദിച്ചിരുന്നു.

Content highlights: Omar Abdullah, PM Narendra Modi, J&K