ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദ്ധാനം ചെയ്ത് മെഹബൂബ മുഫ്തിയുടെ പിഡിപി. ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലാണ് പിഡിപി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജമ്മു പൂഞ്ച്, ഉദ്ധംപുര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

ബിജെപിയുടെ സിറ്റിങ് സീറ്റുകളാണിത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും പിഡിപി മൂന്നാമതുമായിരുന്നു 2014-ല്‍ ഇവിടങ്ങളില്‍. ബിജെപിയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നിലെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി മെഹബൂബ മുഫ്തി ഇക്കാര്യം ചര്‍ച്ച നടത്തും. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ബിജെപി കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു. സംസ്ഥാനത്ത് നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: PDP offers support to Cong on two LS seats in Jammu