ശ്രീനഗർ: ജമ്മുകശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ ബി.ജെ.പി.ക്കുവേണ്ടി ക്രമക്കേട്‌ നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം. പോളിങ് ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അർധസൈനികർ ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടതായും ചിലയിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിൽ കോൺഗ്രസിന്‌ വോട്ടുചെയ്യാനുള്ള ബട്ടൺ പ്രവർത്തിച്ചിരുന്നില്ലെന്നുമാണ് ആരോപണം.

ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യാത്തതിനാൽ ബി.എസ്.എഫ്. ഉദ്യോഗസ്ഥർ കൈയേറ്റംചെയ്തെന്ന ആരോപണവുമായി പ്രതിഷേധിക്കുന്ന വോട്ടറുടെ വീഡിയോ പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

വോട്ടിങ് യന്ത്രത്തിലെ ബട്ടൺ പ്രവർത്തിക്കാത്തതിനെക്കുറിച്ച് പ്രിസൈഡിങ് ഓഫീസർ വിവരിക്കുന്നതിന്റെ വീഡിയോ, മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ള ട്വിറ്ററിൽ പോസ്റ്റുചെയ്തു. ‘കൈ’യുടെ പടം കാണിക്കുന്ന ബട്ടൺ പ്രവർത്തിക്കുന്നില്ല എന്നാണ് വീഡിയോയിൽ ഉദ്യോഗസ്ഥൻ പറയുന്നത്.

പൂഞ്ചിലെ അരായ് മൽക മേഖലയിൽ യൂണിഫോമിട്ട ഒരാൾ ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യാൻ നിർബന്ധിച്ചുവെന്നും പിന്നീട് വോട്ടർമാരുടെ പരാതിയെത്തുടർന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരെത്തി അയാളെ നീക്കുകയായിരുന്നെന്നും നാഷണൽ കോൺഫറൻസ് നേതാവ് ദേവീന്ദർ സിങ് ആരോപിച്ചു.