ശ്രീനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലുള്ള 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്തില്ല. ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.

 സോനവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. സോനവാറില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും വോട്ട് ചെയ്തു.

2017-ലെ ഉപതിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്ന ബുദ്ഗാമില്‍ ഇത്തവണ 13 ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നില്ല.  ശ്രീനഗറില്‍ ആകെ 14.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014-ലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശ്രീനഗറിലായിരുന്നു. 25.86 ശതമാനമായിരുന്നു അന്ന് പോളിങ്. 2017- ഉപതിരഞ്ഞെടുപ്പില്‍ ഇത് 7.2 % ആയി കുറഞ്ഞു. 

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സിറ്റിങ് എംപിയുമായ ഫാറൂഖ് അബ്ദുള്ള ഇവിടെ വീണ്ടും മത്സരിക്കുന്നുണ്ട്. പിഡിപിക്കായി സയിദ് മുഹ്‌സിനും ബിജെപിക്കായി ഖാലിദ് ജഹാംഗീറും പ്യൂപ്പിള്‍സ് കോണ്‍ഫറന്‍സിനായി ഇര്‍ഫാന്‍ അന്‍സാരിയും മത്സരിക്കുന്നുണ്ട്.

Content Highlights: No vote cast in 90 booths in Srinagar Lok Sabha seat