ശ്രീഗനഗര്‍: ബി.ജെ.പി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ ജനത പുറംന്തള്ളുന്നതാണ് കാണാനാവുന്നത്. പാട്ടുംപാടി ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ത്‌നാഗില്‍ മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്താണ് തുടരുന്നത്. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായ ഹുസ്‌നെയിന്‍ മസൂദിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം അഹമ്മദ് മിര്‍ രണ്ടാമതും. 2014-ല്‍ 12000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മെഹബൂബ അനന്ത്‌നാഗില്‍ നിന്ന് ജയിച്ചിരുന്നു. അനന്ത്‌നാഗിലടക്കം മൂന്നിടങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സൗഹൃദ മത്സരത്തിലായിരുന്നു.

ജമ്മു കശ്മീരിലെ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ടിടങ്ങളില്‍ ബിജെപിയും മൂന്നിടത്ത് നാഷണല്‍ കോണ്‍ഫറന്‍സും മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒരിടത്ത് സ്വതന്ത്രനാണ് ലീഡ് ചെയ്യുന്നത്. പിഡിപിക്ക് ഒരു സീറ്റിലും മുന്നേറാനായിട്ടില്ല. 

സംസ്ഥാനത്തെ മറ്റൊരു മുതിര്‍ന്ന നേതാവും നാഷണല്‍ കോണ്‍ഫറന്‍സ് ആചാര്യനുമായ ഫാറൂഖ് അബ്ദുള്ള ശ്രീനഗറില്‍ വന്‍ഭൂരിപക്ഷത്തോടെ ജയത്തോടടുത്തിട്ടുണ്ട്. 

ബിജെപി സ്ഥാനാര്‍ഥികളായ ജിദേന്ദ്ര സിങ് ഉധംപുരിലും ജുഗല്‍ കിഷോര്‍ ജമ്മുവിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇരുവരും നല്ല ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. ലഡാക്കിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സജാദ് ഹുസൈന്‍ മുന്നിട്ട് നില്‍ക്കുന്നത്. 

2014-ല്‍ ബിജെപിക്കും പിഡിപിക്കും മൂന്ന് വീതം സീറ്റുകളില്‍ ജയിക്കാനായിരുന്നു.

Content Highlights: jammu-and-kashmir-election-result-2019 mehabooba mufti