ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുന്‍ സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

മൂന്ന് തവണ എംപിയായിട്ടുള്ള സുരേഷ് ചന്ദേല്‍ ഇത്തവണ ഹമിര്‍പുര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും  ചില നേതാക്കള്‍ ഈ നീക്കം തടഞ്ഞു.

ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി കൂടിക്കാഴ്ച നടത്തുകയും അനുയയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രജ്‌നി പാട്ടീല്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം.

Content Highlights: Himachal Pradesh: Former MP and BJP president Suresh Chandel joined Congress