ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കൊച്ചു മകന്‍ ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്‌. ഇരുവരും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയാണ് ആശ്രയ് ശര്‍മ്മയുടെ പിതാവ് അനില്‍ ശര്‍മ്മ. ഹിമാചലിലെ മന്‍ഡി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി വിടാന്‍ ആശ്രയ് ശര്‍മ്മ തീരുമാനിച്ചത്. ഇവിടെ സിറ്റിങ് എംപിയായ രാംസ്വരൂപ് ശര്‍മ്മയെ തന്നെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. മുത്തശ്ശനോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആശ്രയ് ശര്‍മ്മ മന്‍ഡിയില്‍ കോണ്‍ഗ്രസ്  ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിതാവ് അനില്‍ ശര്‍മ്മയും ഉടന്‍ ബിജെപി വിട്ട് മകന്റെ പ്രചാരണത്തിനിറങ്ങിയേക്കും. നേരത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വീരഭദ്ര സിങ് സര്‍ക്കാരിലും മന്ത്രിയായിരുന്നു അനില്‍ ശര്‍മ്മ. 

1993 മുതല്‍ 96 വരെ നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ് റാമിനെ ടെലികോം അഴിമതി കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

Content Highlights: Former Union Minister Sukh Ram, grandson Aashray Sharma join Congress