ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സ്ഥാനാര്‍ഥിയുടെ മകന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പിതാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആറ് കോടിരൂപ കോഴ നല്‍കിയെന്നാണ് ആരോപണം. 

എ.എ.പിയുടെ വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ഝാക്കറിന്റെ മകന്‍ ഉദയ് ആണ് കെജ്‌രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സീറ്റിനുവേണ്ടി തന്റെ പിതാവ് ആറുകോടിരൂപ കോഴ നല്‍കിയെന്നും കെജ്‌രിവാളിനാണ് പണം നല്‍കിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നുമാണ് ഉദയ് വെളിപ്പെടുത്തിയിട്ടുള്ളത്. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അഴിമതിക്കാരനാണെന്നതും പണം വാങ്ങുന്നുവെന്നതും ഞെട്ടിക്കുന്ന വിവരമാണെന്നും ഉദയ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സിഖ് വിരുദ്ധ കലാപക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരില്‍ തന്റെ പിതാവുമുണ്ടെന്നും യുവാവ് ആരോപിച്ചു. സജ്ജന്‍ കുമാറിന് ജാമ്യം ലഭിക്കാന്‍ തന്റെ പിതാവ് വന്‍തുക നല്‍കി. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് യുവാവ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

അതിനിടെ, ആരോപണങ്ങള്‍ നിഷേധിച്ച് എ.എ.പി സ്ഥാനാര്‍തി ബല്‍ബീര്‍ സിങ് രംഗത്തെത്തി. മകന്‍ 15 വര്‍ഷത്തോളമായി തന്റെയൊപ്പം താമസിക്കുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവരങ്ങളൊന്നും മകനുമായി പങ്കുവച്ചിട്ടില്ല. മകനോട് സംസാരിക്കുന്നതുപോലും അപൂര്‍വമായി മാത്രമാണെന്നും ബല്‍ബീര്‍ സിങ് വിശദീകരിച്ചു.

Content Highlights: Aravind Kejriwal, AAP candidate, 6 Crore