ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്റെ പ്രചാരണ വാഹനങ്ങളില്‍ അപരനെ ഉപയോഗിക്കുന്നതായി ആരോപണം. ഡല്‍ഹി ഉപ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയാണ് ഫോട്ടോ സഹിതം ഈ ആരോപണമുയര്‍ത്തിയത്. ഗംഭീറിനായി വോട്ട് ചോദിക്കുന്ന അപരന്‍ കോണ്‍ഗ്രസ് നേതാവാണെന്നും സിസോദിയ ആരോപിച്ചു.

'സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ക്രിക്കറ്റില്‍ റണ്ണറെ വെക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വെക്കുന്നത് നമ്മള്‍ ആദ്യമായി കാണുകയാണ്'- സിസോദിയ ട്വീറ്റ് ചെയ്തു. 

ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിന്റെ ഭാഗമാണ്. ഗൗതം ഗംഭീര്‍ ഒരു എ.സി കാറില്‍ ഇരിക്കുകയാണ്. അദ്ദേഹത്തിന് ചൂട് പ്രശ്‌നമാണത്രെ. തൊപ്പി ധരിച്ച ഒരു അപരനാണ് പ്രചരണ വാഹനത്തിലുള്ളത്. പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നത് അപരന്‍ ഗംഭീറിനെയാണ്. ഈ അപരന്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്നതാണ് സത്യമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. 

ഗംഭീറോ ബി.ജെ.പി നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 12 നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.

content highlights: Gautam Gambhir Using Duplicate For Campaigning, Claims AAP