ന്യൂഡൽഹി: താരപരിവേഷത്തിലാണ് ഇത്തവണ ഡൽഹിയിലെ രണ്ട്‌ മണ്ഡലങ്ങൾ. കായികമേഖലയിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ രണ്ടുപേർ ഇക്കുറി മത്സരരംഗത്തുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്‌സിയിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ഗൗതം ഗംഭീർ കിഴക്കൻ ഡൽഹിയിലും ബോക്സിങ്ങിൽ ഒളിമ്പിക്സ് മെഡൽ ജേതാവായ വിജേന്ദർ സിങ് തെക്കൻ ഡൽഹിയിലുമാണ്‌ ജനവിധി തേടിയിറങ്ങിയിരിക്കുന്നത്‌. ബി.ജെ.പി.യാണ് ഗംഭീറിനെ കളത്തിലിറക്കിയത്; വിജേന്ദറിനെ കോൺഗ്രസും. ഇരുവരും മത്സരിക്കുന്നത് വ്യത്യസ്ത മണ്ഡലങ്ങളിലാണെങ്കിലും രണ്ടുപേരും വിജയിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഡൽഹി രാഷ്ട്രീയം. യുവാക്കളായ ഇരുവരുടെയും കന്നിപ്പോരാട്ടംകൂടിയാണിത്.

ഡക്കോ നോട്ടൗട്ടോ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൗതം ഗംഭീർ പുലർത്തിയിരുന്ന അടുപ്പം കാരണം അദ്ദേഹം ബി.ജെ.പി.യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തേതന്നെ ശക്തമായിരുന്നു. കഴിഞ്ഞവർഷം ഗംഭീർ ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ നേട്ടങ്ങളെയും ദേശീയ നിലപാടുകളെയും പ്രശംസിച്ച് മോദി കത്തയച്ചു. കഴിഞ്ഞ മാർച്ചിലാണ് ഗംഭീറിന്റെ ബി.ജെ.പി. പ്രവേശനം. പിന്നാലെ ഡൽഹിക്കാരൻകൂടിയായ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുമെന്നും രാഷ്ട്രീയവൃത്തങ്ങളിൽ സംസാരമുണ്ടായി. പ്രതീക്ഷിച്ചപോലെത്തന്നെ അതും നടന്നു.

സിറ്റിങ് എം.പി.യായ മഹേഷ് ഗിരിയെ മാറ്റിയാണ് രാഷ്ട്രീയത്തിന്റെ പിച്ചിൽ പരിചയമൊട്ടുമില്ലാത്ത ഗംഭീറിനെ ബി.ജെ.പി. ഇറക്കിയത്. അതിന്റെ ചില അസ്വാരസ്യങ്ങൾ പാർട്ടിയിലുണ്ട്. പത്രിക സമർപ്പിച്ചതുമുതൽ വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. പത്രികയിൽ അപാകം, രണ്ട്‌ തിരിച്ചറിയൽ കാർഡുകൾ, അനുമതിയില്ലാതെ റാലി എന്നിങ്ങനെയുള്ള ‘അപ്പീലുകൾ’ ആം ആദ്മി പാർട്ടി ഗംഭീറിനെതിരേ ഉന്നയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കിഴക്കൻ ഡൽഹിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച മേഖലയാക്കി മാറ്റുമെന്ന വാഗ്ദാനം ഉന്നയിച്ചാണ് അദ്ദേഹം എതിർപ്പുകളെ നേരിടുന്നത്.

മികച്ച ആത്മവിശ്വാസമുണ്ടെങ്കിലും ക്രിക്കറ്റുപോലെ എളുപ്പമാവില്ല ഗംഭീറിന് തിരഞ്ഞെടുപ്പുപോരാട്ടമെന്നാണ്‌ സൂചന. എ.എ.പി. ഏറ്റവുമധികം വിജയപ്രതീക്ഷയർപ്പിക്കുന്ന യുവനേതാവായ അതിഷിയും രാഷ്ട്രീയ-ഭരണരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കോൺഗ്രസിന്റെ അർവിന്ദർ സിങ് ലവ്‌ലിയുമാണ് അദ്ദേഹത്തിന്റെ എതിരാളികൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന്‌ പഠിച്ചിറങ്ങിയ അതിഷി അതിശക്തമായ വിമർശനങ്ങളാണ് ഗംഭീറിനെതിരേ ഉന്നയിക്കുന്നത്. ഇവ നേരിടാൻ പലപ്പോഴും മുൻ ക്രിക്കറ്റ്താരത്തിന് സാധിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്.

2007-ലെ ട്വന്റി-ട്വന്റി ലോകകപ്പ്, 2011-ലോകകപ്പ് എന്നിവ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന ഗംഭീറിന്‌ പദ്മശ്രീ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്‌. 2014-ൽ മഹേഷ് ഗിരിയാണ്‌ മണ്ഡലം ബി.ജെ.പി.യുടെ കൈകളിലെത്തിച്ചത്‌. ഇത്തവണ ഗംഭീറിന് മണ്ഡലം നിലനിർത്താൻ സാധിക്കുമോയെന്നതാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ഗംഭീറിന് രണ്ട്‌ തിരിച്ചറിയൽ കാർഡുണ്ടെന്നാരോപിച്ച് എ.എ.പി. നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മേയ്‌ 13-ലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ഡൽഹിയിൽ 12-ന് തിരഞ്ഞെടുപ്പ് നടക്കുമെന്നത് ഗംഭീറിന് അനുകൂലമാണ്.

റിങ്ങിലെ വിജയസിങ്‌

ബോക്സിങ് റിങ്ങുകളിൽ എതിരാളികളെ ഇടിച്ചുവീഴ്ത്തി മെഡലുകൾ വാരിക്കൂട്ടുന്ന വിജേന്ദർസിങ് തിരഞ്ഞെടുപ്പുഗോദയിൽ സമാനപ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അപ്രതീക്ഷിതമായാണ് വിജേന്ദറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധി എന്നിവരുമായുള്ള അടുത്ത ബന്ധമാണ് 33-കാരനായ വിജേന്ദറിന് സ്ഥാനാർഥിത്വത്തിലേക്കുള്ള വഴിതുറന്നത്. ഡൽഹിയിൽ 2010-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വിജേന്ദറിന്റെ മത്സരം കാണാൻ പ്രിയങ്കയും മകനും രാഹുലും എത്തിയിരുന്നു. ഹരിയാണയിലെ ഭിവാഡി സ്വദേശിയായ വിജേന്ദർ ജാട്ട് വിഭാഗക്കാരനാണ്. ജാട്ട്, ഗുജ്ജർ വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് തെക്കൻ ഡൽഹി.

താരപരിവേഷവും ജാട്ട് വിഭാഗക്കാരനാണെന്നതിന്റെ ആനുകൂല്യവും ഹരിയാണ പോലീസിലെ മുൻ ഡി.എസ്.പി. കൂടിയായ വിജേന്ദറിന് വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. വിജേന്ദറിനുവേണ്ടി പ്രിയങ്ക പ്രചാരണംനടത്തി. ഗംഭീറിൽനിന്ന് വ്യത്യസ്തനായി ആവേശപൂർവം പ്രചാരണത്തിൽ പങ്കെടുക്കുന്ന ബോക്സർ വിജേന്ദർ ബോക്സിങ് ആക്‌ഷനുമായി ജനങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ്ചെയ്ത് അവരെ കൈയിലെടുത്തുകൊണ്ടാണ് വോട്ടഭ്യർഥന നടത്തുന്നത്.

എന്നാൽ, തെക്കൻ ഡൽഹിയിൽ അത്രയെളുപ്പം വിജേന്ദറിന് വിജയിക്കാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. കടുത്ത മത്സരംതന്നെ ഇവിടെ നടക്കും. സിറ്റിങ് എം.പി.യും ബി.ജെ.പി.യുടെ കരുത്തനായ നേതാവുമായ രമേഷ് ബിധുരി, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും എ.എ.പി. വിജയപ്രതീക്ഷയർപ്പിക്കുന്ന യുവനേതാവുമായ രാഘവ് ഛദ്ദ എന്നിവരാണ് എതിരാളികൾ. ജാട്ട് സമുദായക്കാരനായ ബിധുരിക്ക് മണ്ഡലത്തിൽ മികച്ച സ്വാധീനമുണ്ട്. രാഘവ് ഛദ്ദയും ശക്തമായ പോരാട്ടം കാഴ്ചവെക്കും. 1967-ൽ മണ്ഡലം നിലവിൽവന്നശേഷം അഞ്ചുതവണ കോൺഗ്രസ് വിജയിച്ചു. 2009-ൽ സിഖ് വിരുദ്ധ കലാപത്തിലെ പ്രതി സജ്ജൻ കുമാറിന്റെ സഹോദരൻ രമേഷ് കുമാറാണ് ഒടുവിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥി. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് 1999-ൽ ഇവിടെനിന്ന് മത്സരിച്ചിരുന്നെങ്കിലും ജയിക്കാൻ സാധിച്ചില്ല.

content highlights: delhi loksabha election gautam gambhir vijendar singh