ന്യൂഡൽഹി: നാഥുറാം ഗോഡ്‌സെ ഹിന്ദുഭീകരവാദിയാണെന്ന കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരായ ഹർജിയിൽ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. തങ്ങളുടെ അധികാരപരിധിക്കുപുറത്തുള്ള സ്ഥലത്തുവെച്ചാണ് പരാമർശമുണ്ടായതെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിസ്താനി, ജ്യോതി സിങ് എന്നിവർ ചൂണ്ടിക്കാട്ടി.

അതേസമയം, തിരഞ്ഞെടുപ്പുപ്രചാരണത്തിന് മതത്തെ ഉപയോഗിക്കുന്നത്‌ തടയണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ വേഗം തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ തിരഞ്ഞെടുപ്പുറാലിയിൽ ഗോഡ്‌സെയെക്കുറിച്ച് പ്രസംഗിച്ചതിനെതിരേ ബി.ജെ.പി. നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് ഹൈക്കോടതിയെ സമീപിച്ചത്. മതത്തെ ദുരുപയോഗംചെയ്ത് പ്രസ്താവന നടത്തുന്ന സ്ഥാനാർഥികൾക്ക്‌ വിലക്കേർപ്പെടുത്തണമെന്നും അവരുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

content highlights: delhi high court on plea seeking action against kamal hassan