ന്യൂഡൽഹി: മുഗൾസാമ്രാജ്യത്തിന്റെ അധികാരകേന്ദ്രമായിരുന്ന ചെങ്കോട്ട, രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം പള്ളികളിലൊന്നായ ജുമാ മസ്ജിദ് തുടങ്ങിയവ ചരിത്രപശ്ചാത്തലം നൽകുന്ന മണ്ഡലമാണ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്.

സ്വാതന്ത്ര്യംകിട്ടി ഒമ്പതുവർഷം കഴിഞ്ഞ് 1956-ൽ നിലവിൽവന്ന മണ്ഡലത്തിന് കോൺഗ്രസിനെയും ബി.ജെ.പി.യെയും മാറിമാറി തുണച്ച ചരിത്രം. സിറ്റിങ് എം.പി.യും ശാസ്ത്ര-സാങ്കേതികമന്ത്രിയുമായ ഡോ. ഹർഷവർധനാണ് ഇത്തവണയും ബി.ജെ.പി.യുടെ സ്ഥാനാർഥി. 2014-ൽ ഇവിടെനിന്ന് നാലുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ച ‘ഡോക്ടർ സാബ്’ എന്നു ഡൽഹിക്കാർ സ്നേഹപൂർവം വിളിക്കുന്ന ഹർഷവർധന്റെ രണ്ടാം പോരാട്ടമാണിത്.

ഡൽഹിയിൽ ആരോഗ്യമന്ത്രിയായിരിക്കെ 1994-ൽ പൾസ് പോളിയോ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ ഇ.എൻ.ടി. വിദഗ്ധൻ കൂടിയാണ് ഹർഷവർധൻ. 1995-ൽ ദേശീയതലത്തിലേക്ക് പൾസ് പോളിയോപദ്ധതി വ്യാപിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിപദം ഹർഷവർധൻ ഏറക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഒടുവിൽ നഷ്ടപ്പെട്ടു. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ കഴിയാതെപോയതാണ് തിരിച്ചടിയായത്.

പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹർഷവർധൻ മുതിർന്ന കോൺഗ്രസ് നേതാവും രണ്ടുതവണ മണ്ഡലത്തിൽനിന്ന് വിജയിക്കുകയും ചെയ്ത കപിൽ സിബലിനെ പരാജയപ്പെടുത്തി. ഇക്കുറിയും ഹർഷവർധനെ നേരിടാൻ സിബലിനാവില്ലെന്ന് കോൺഗ്രസ് കണക്കുകൂട്ടിയിട്ടുണ്ടാവണം. അതിനാൽ 1984, 1989, 1996 വർഷങ്ങളിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ജയപ്രകാശ് അഗർവാളിനെയാണ് അവർ സ്ഥാനാർഥിയാക്കിയത്. ഐ.ടി. പ്രൊഫഷണലായി 25 വർഷത്തോളം പ്രവർത്തിച്ച പങ്കജ് ഗുപ്തയാണ് ആംആദ്മി പാർട്ടിയുടെ സ്ഥാനാർഥി. പാർട്ടിയുടെ ദേശീയ സെക്രട്ടറി, രാഷ്ട്രീയകാര്യസമിതിയംഗം എന്നീ നിലകളിലുള്ള പ്രവൃത്തിപരിചയവുമായാണ് ഗുപ്ത മത്സരത്തിനിറങ്ങിയിരിക്കുന്നത്.

2014-ൽ ബി.ജെ.പി.ക്ക് 44.58 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോൾ 17.94 ശതമാനമായിരുന്നു കോൺഗ്രസിന്. എ.എ.പി.ക്ക് 30.71 ശതമാനവും. മുസ്‌ലിം വിഭാഗക്കാർക്ക് ആധിപത്യമുള്ള മണ്ഡലമാണ് ചാന്ദ്‌നി ചൗക്ക്. വോട്ടർമാരിൽ 20 ശതമാനത്തോളംവരും ഇവരുടെ സംഖ്യ. ബി.ജെ.പി.ക്ക് എതിരായിരിക്കും ന്യൂനപക്ഷ വോട്ടെന്നാണ് കഴിഞ്ഞതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്. എന്നാൽ, മതരാഷ്ട്രീയം മാറ്റിവെച്ച് ഹർഷവർധനുവേണ്ടി ഇവരിൽ ഭൂരിഭാഗവും വോട്ടുചെയ്തു. വർധന്റെ ശുദ്ധമായ പ്രതിച്ഛായയും ഇതിനവരെ പ്രേരിപ്പിച്ചു. ഇത്തവണയും സമാനസ്ഥിതി തുടരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ക്യാമ്പ്.

എന്നാൽ, ബി.ജെ.പി.യുടെ തീവ്രഹിന്ദുത്വനിലപാടുകൾ ഉയർത്തിക്കാട്ടി മുസ്‌ലിംവോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും എ.എ.പി.യും. വ്യാപാരികളാണ് മറ്റൊരു പ്രധാന വോട്ടുബാങ്ക്. ഉപഭോക്താക്കളുടെ പറുദീസയെന്നറിയപ്പെടുന്ന രാജ്യത്തെ വലിയ കമ്പോളങ്ങളായ ചാന്ദ്‌നി ചൗക്ക്, സാദർ ബസാർ എന്നിവ ഇവിടെയാണ്. നോട്ടുനിരോധനം, ചരക്കുസേവനനികുതി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത കടകൾ അടച്ചുപൂട്ടാനെടുത്ത നടപടികൾ എന്നിവയാണ് വ്യാപാരികൾക്കിടയിലെ തിരഞ്ഞെടുപ്പ് ചർച്ചാവിഷയങ്ങൾ.

ഡൽഹിയിൽ കോൺഗ്രസിന് പഴയ കരുത്തില്ലെങ്കിലും ചാന്ദ്‌നി ചൗക്കിൽ ഹർഷവർധനും ജെ.പി. അഗർവാളും തമ്മിലാണ് പ്രധാനമത്സരം. മൂന്നുതവണ മണ്ഡലത്തിൽനിന്ന് വിജയിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അഗർവാൾ വർധനെ നേരിടുന്നത്.