രാജ്യ തലസ്ഥാനം പിടിച്ചെടുത്ത് ബിജെപി. 2014ലേതിന് സമാനമായി ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും താമര വിരിഞ്ഞു. ഏഴുസീറ്റുകളില്‍ ആറിടത്തും കോണ്‍ഗ്രസ് രണ്ടാമതെത്തി. ദക്ഷിണ ഡല്‍ഹിയില്‍ മാത്രമാണ് ആപ്പിന് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചത്. സിറ്റിങ് എംപിമാരായ ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, മനോജ് തിവാരി, പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിധൂരി എന്നിവരെയും പുതുമുഖങ്ങളായ ഗൗതം ഗംഭീറിനെയും ഹന്‍സ് രാജിനെയുമാണ് ബി ജെ പി കളത്തിലിറക്കിയത്.

സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ ഹര്‍ഷവര്‍ധന്‍ ചാന്ദ്നിചൗക്കില്‍ നിന്ന് 228145 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 519055 (52.94%) വോട്ടാണ് ഹര്‍ഷവര്‍ധന്‍ നേടിയത്. കോണ്‍ഗ്രസിന്റെ ജയ്പ്രകാശ് അഗര്‍വാള്‍ 2,90,910 വോട്ടും ആം ആദ്മി പാര്‍ട്ടിയുടെ പങ്കജ് കുമാര്‍ ഗുപ്ത 1,44,551 വോട്ടും നേടി.
 
രാഷ്ട്രീയത്തിലെ ആദ്യ ഇന്നിങ്ങ്സില്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മിന്നി. കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് 696156 (55.35%)വോട്ടുകള്‍ നേടിയാണ് ഗംഭീറിന്റെ ഗംഭീരവിജയം. 3,91,222 വോട്ടാണ് ഗംഭീറിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലവ്ലി 304934 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ആപ്പിന്റെ അതിഷി മര്‍ലേനക്ക് 2,19,328 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 
 
ന്യൂഡല്‍ഹിയില്‍ നിന്ന് മീനാക്ഷി ലേഖി വീണ്ടും ലോക്സഭയിലെത്തി. 504206(54.77%)വോട്ടുകളാണ് ബി ജെ പി നേടിയത്. ഭൂരിപക്ഷം-256504 വോട്ട്. കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ 2,47702 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. 1,50342 വോട്ടുകള്‍ മാത്രമാണ് ആപ്പിന്റെ ബ്രിജേഷ് ഗോയലിന് നേടാനായത്. 
 
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി 787799(53.9%) വോട്ടുകള്‍ നേടി. 366102 വോട്ടാണ് തിവാരിയുടെ ഭൂരിപക്ഷം. ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും ഡല്‍ഹി പി സി സി അധ്യക്ഷയുമായ ഷീലാ ദീക്ഷിതിന് 4,21697 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആപ്പിന്റെ ദിലീപ് പാണ്ഡെ 190856 വോട്ടുകള്‍ നേടി. 
 
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 848663 (60.49%) വോട്ടുകള്‍ നേടി ഹന്‍സ് രാജ് ഹന്‍സ് വിജയിച്ചു. 553897 വോട്ടാണ് ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ രാജേഷ് ലിലോതിയ 236882 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനത്തെത്തിയ ആപ്പിന്റെ ഗുഗ്ഗന്‍ സിങ്ങ് 294766 വോട്ടുകള്‍ നേടി. 
 
ദക്ഷിണ ഡല്‍ഹിയില്‍നിന്ന് 687014(56.58%)വോട്ടുകള്‍ നേടി രമേഷ് ബിധൂരി വിജയിച്ചു. 367043 വോട്ടാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തെത്തിയ ആപ്പിന്റെ രാഘവ് ഛദ്ദ 319971വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. ബോക്സിങ് താരം കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജേന്ദര്‍ സിങ് 164613 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. 
 
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പര്‍വേഷ് സാഹിബ് സിങ് വര്‍മ 865648(60.05%)വോട്ടുകള്‍ നേടി. 578486 വോട്ടാണ് ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ മഹാബല്‍ ശര്‍മയ്ക്ക് നേടാനായത് 287162 വോട്ടുകളാണ്. 251873വോട്ടുകള്‍ ആപ്പിന്റെ ബല്‍ബീര്‍ സിങ് ജാഖര്‍ നേടി. 
 
രാജ്യതലസ്ഥാനത്തുനിന്ന് ലോക്സഭയിലേക്ക് പോകുന്നത് ആരൊക്കയാവും? ബി ജെ പി എന്ന പൊതുരാഷ്ട്രീയശത്രുവിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യം രൂപവത്കരിച്ച് പോരാടുമോ? 2014ലേതിനു സമാനമായി ഏഴില്‍ ഏഴു സീറ്റും ബി ജെ പിക്ക് നേടാനാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹിയുടെ രാഷ്ട്രീയഭൂപടം നോക്കിയവരുടെ മനസ്സില്‍ രൂപം കൊണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ. 
 
എന്നാല്‍ കോണ്‍ഗ്രസ്-ആപ്പ് സഖ്യം സാധ്യമാകില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയില്‍ പോരാട്ടം കനത്തു. ഏഴു സീറ്റുകളും നിലനിര്‍ത്തുക എന്ന വെല്ലുവിളിയായിരുന്നു ബിജെപിക്കു മുന്നിലുണ്ടായിരുന്നതെങ്കില്‍ കരുത്തു തെളിയിച്ചേ മതിയാകൂവെന്നതായിരുന്നു കോണ്‍ഗ്രസിനു മുന്നിലെ കടമ്പ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം ഒറ്റയ്ക്ക് കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വസം സീറ്റുകളില്‍ പ്രകടിപ്പിക്കുകയായിരുന്നു ആപ്പിനു മുന്നിലുണ്ടായിരുന്ന പരീക്ഷ. എന്നാല്‍ കടമ്പകളെ കടത്തിവെട്ടി മികച്ച ഭൂരിപക്ഷത്തില്‍ ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. 
 
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപവത്കരിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പിന്നോട്ടു വലിച്ചത് ഒരേയൊരു ഘടകമായിരുന്നു- വോട്ട് ബാങ്ക്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വോട്ട് ബാങ്ക് ഒന്നാണ്. അതുകൊണ്ടു തന്നെ ബി ജെ പിയെ എതിരിടാന്‍ കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ സഖ്യം രൂപവത്കരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെങ്കിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതികൂലമാകാനാണ് സാധ്യത. ഈ വിലയിരുത്തലിലാണ് സഖ്യചര്‍ച്ചയില്‍ നിന്ന് ഇരുവരും പിന്നോട്ടു പോയത്. ഈ നീക്കം ബി ജെ പിക്ക് ഗുണകരമായി എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
 
content highlights: bjp wins all seats in delhi