ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ഥി അതിഷി. എതിര്‍ സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖ വിതരണം ചെയ്യുന്നു എന്ന ആരോപണം ഉന്നയിക്കുന്നതിനിടെയാണ് എ.എ.പി സ്ഥാനാര്‍ഥി പൊട്ടിക്കരഞ്ഞത്. ഡല്‍ഹി ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയും വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു.

വാര്‍ത്താ സമ്മേളനത്തിനിടെ ബി.ജെ.പി തന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിക്കവെയാണ് അതിഷി പൊട്ടിക്കരഞ്ഞത്. ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ താന്‍ അതിനെ സ്വാഗതം ചെയ്തിരുന്നതായും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം തരംതാഴ്‌നിരിക്കയാണെന്നും അതിഷി പറഞ്ഞു. ലഘുലേഖയിലെ ഭാഷ തീര്‍ത്തും അസഭ്യം നിറഞ്ഞതാണെന്നും വായിക്കുന്നവര്‍ക്ക് നാണക്കേട് തോന്നുമെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.

ഗൗതം ഗംഭീര്‍ ഇത്രക്ക് തരംതാഴുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. 'ഇത്തരത്തിലുള്ള ആളുകള്‍ വിജയിച്ചാല്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് സുരക്ഷ പ്രതീക്ഷിക്കാനാകുക. അതിഷി, കരുത്തോടെ മുന്നോട്ട് പോകുക. ഇത് നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എനിക്ക് മനസ്സിലാവും. ഇത്തരക്കാര്‍ക്ക് എതിരെയാണ് നാം പോരാടേണ്ടത്- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

അതിനിടെ, ആരോപണം സത്യമാണെന്ന് തെളിയിച്ചാല്‍ താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കെജ്‌രിവാള്‍ തയ്യാറാവണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. നേരത്തെ ഗംഭീറിന് രണ്ട് വോട്ടര്‍ ഐ.ഡി കാര്‍ഡുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് അതിഷിയായിരുന്നു. ഈ വിഷയത്തില്‍ അവര്‍ കോടതിയെയും സമീപിച്ചിരുന്നു.

content highlights: AAP’s Atishi breaks down, accuses Gautam Gambhir of circulating derogatory pamphlets