കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. 

വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയ  ഇയാള്‍ പ്രകോപനങ്ങളൊന്നുമില്ലാതെ വോട്ടിങ് മെഷീനുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഡ്യൂട്ടിയിണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

edakkad

എടക്കാട് കളപ്പുറത്ത് വീട്ടില്‍ ആണ്ടിക്കുട്ടി മകന്‍ പ്രമോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിപാറ്റും പഞ്ചിങ് മെഷീനും അക്രമത്തില്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ മെഷീന്റെ കണ്‍ട്രോള്‍ യൂണിറ്റിന് കുഴപ്പമൊന്നും ഇല്ലെന്ന് സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി. പുതിയ വോട്ടിങ് മെഷീന്‍ എത്തിച്ച ശേഷം രാത്രി 7.45 ഓടെ വോട്ടിങ് പുനരാരംഭിച്ചു.

പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ മാവോയിസ്റ്റ് അനുഭാവിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാറും സി.പി.എം നേതാവ് പി.എ മുഹമ്മദ് റിയാസും ഉള്‍പ്പടെയുള്ളവര്‍ ബൂത്ത് സന്ദര്‍ശിച്ചു.

edakkad

Content highlights: Youth destroyed vvpat machine in calicut Edakkad booth