ന്യൂഡല്‍ഹി: 2014-ല്‍ മോദിയേയും ബിജെപിയേയും അധികാരത്തിലെത്തിച്ചതടക്കം ഒട്ടേറെ രാഷ്ട്രീയ വിജയ കഥകളുണ്ട് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്. ഇത്തവണ അദ്ദേഹത്തിന്റെ ദൗത്യം ആന്ധ്രപ്രദേശിലായിരുന്നു. ചന്ദ്രബാബു നായിഡുവിനേയും ടിഡിപിയേയും മറിച്ചിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അധികാര കസേര നേടിക്കൊടുക്കുക എന്നതായിരുന്നു ദൗത്യം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധപ്രദേശ് തൂത്തുവാരുന്നതാണ് കാണാനായത്. 

വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ആന്ധപ്രദേശ് തൂത്തുവാരുന്ന കാഴ്ച ജഗനോടൊപ്പം അദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീട്ടിലിരുന്നാണ് പ്രശാന്ത് കിഷോര്‍ കണ്ടത്. 25-ല്‍ 22 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളില്‍ 151 ഉം ജഗന്റെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് സ്വന്തമാക്കി. ആദ്യമായിട്ടാണ് സംസ്ഥാനത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.

പുതിയ ആന്ധ്ര മുഖ്യമന്ത്രിക്കും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തന്റെ സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷനിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. 

ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ ഉപാധ്യക്ഷന്‍ കൂടിയാണ് നിലവില്‍ പ്രശാന്ത് കിഷോര്‍. ആര്‍ജെഡിയുമായി വീണ്ടും സഖ്യം രൂപീകരിക്കാന്‍ നിതീഷ് കുമാറിനെ പ്രശാന്ത് കിഷോര്‍ പ്രേരിപ്പിച്ചിരുന്നെന്നും അദ്ദേഹം അത് തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആന്ധ്രയില്‍ ജഗന് വേണ്ടി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘടന രണ്ട് വര്‍ഷത്തോളമാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയയത്. 2014-ല്‍ ബിജെപി കേന്ദ്രത്തിലും 2015-ല്‍ നിതീഷ് കുമാറിനെ ബിഹാറിലും അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോറിന് ചില തിരിച്ചടികളുമുണ്ടായിട്ടുണ്ട്. 2017-ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.

Content Highlights: With Mammoth Jagan Reddy Win, Prashant Kishor Is Back In Business