ബെംഗളൂരു: വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ വിജയിച്ച് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ അരുകിലിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. കര്‍ണാടകയിലെ തുംകൂര്‍ മണ്ഡലത്തില്‍ നിന്നും ജെഡിഎസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജനവിധി തേടുകയാണ് ദേവ ഗൗഡ. 

തനിക്ക് പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം തയാറായത്. 

'ഞാന്‍ മൂന്ന് വര്‍ഷം മുന്‍പാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലായെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ പല ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. എനിക്ക് മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല. വലിയ സ്വപ്നങ്ങളൊന്നുമില്ല, എന്നാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല.'- അദ്ദേഹം പറഞ്ഞു. 

'ഞങ്ങള്‍ ചെറിയ പാര്‍ട്ടി ആയിട്ടുപോലും സോണിയാഗാന്ധി ഗാന്ധി ഞങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് അദ്വാനിയെപ്പോലെ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ല. ആദ്യം എന്റെ പാര്‍ട്ടിയെ സംരക്ഷിക്കണം.  പിന്നീട് മാത്രമാണ് പാര്‍ട്ടി ഓഫീസ് സംരക്ഷിക്കേണ്ടത്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Will Sit By His Side If Rahul Gandhi Becomes Prime Minister: Deve Gowda