ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കര്‍ണാടകയില്‍ സ്വകാര്യ സ്‌കൂള്‍ തയ്യാറാക്കിയ ചോദ്യപേപ്പറിനെചൊല്ലി വിവാദം. ബെംഗളൂരു രാജരാജേശ്വരിനഗറിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ എട്ടാംക്ലാസ് പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറിനെചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. 

കര്‍ഷകരുടെ കൂട്ടുകാരന്‍ ആരാണെന്ന ചോദ്യത്തിന് നല്‍കിയ വിവിധ ഉത്തരങ്ങളാണ് വിവാദത്തിന് കാരണമായത്. ചോദ്യത്തിനൊപ്പം നല്‍കിയ ഉത്തരങ്ങളില്‍  മണ്ണിരക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരും, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരും നല്‍കിയിരുന്നു. ഈ ഓപ്ഷനുകളില്‍നിന്ന് ശരിയായ ഉത്തരം എഴുതാനായിരുന്നു നിര്‍ദേശം. എന്നാല്‍ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകള്‍ക്കം ചോദ്യപേപ്പര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. 

ചോദ്യത്തിലെ ഓപ്ഷനുകള്‍ കണ്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും അമ്പരന്നെങ്കിലും ഭൂരിഭാഗംപേരും മണ്ണിര എന്നാണ് ഉത്തരമെഴുതിയതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ സ്റ്റാഫ് അംഗത്തെ ജോലിയില്‍നിന്ന് പുറത്താക്കിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തങ്ങള്‍ യാതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണക്കുന്നവരല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. 

Content Highlights: who is farmers friend? yedyurappa or kumaraswamy, controversy on bengaluru school question paper