ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്റെ കുടുംബാംഗങ്ങളെക്കാള്‍ കൂടുതല്‍ അടുപ്പമുള്ള വ്യക്തിയാണ് അമിത് ഷാ എന്നാണ് പറയപ്പെടുന്നത്. ആദ്യമായി കേന്ദ്ര മന്ത്രിസഭയിലേക്കെത്തിയ അമിത് ഷായ്ക്ക് പുതിയ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പാണ് മോദി നല്‍കിയിരിക്കുന്നത്. പൂര്‍വ്വാധികം ശക്തിയോടെ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച അമിത് ഷാ ഇതോടെ സര്‍ക്കാരില്‍ രണ്ടാമനായി. 

പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും മുതിര്‍ന്ന അംഗമായ രാജ്‌നാഥ് സിങിനെ പിന്തള്ളിയാണ് 54-കാരനായ അമിത് ഷാ രണ്ടാംസ്ഥാനത്തേക്ക് കടന്ന് വരുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന രാജ്‌നാഥിന് ഇത്തവണ പ്രതിരോധമാണ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരം, ധനകാര്യം,പ്രതിരോധം, വിദേശകാര്യം എന്നിവ ഉള്‍പ്പെടുന്ന ബിഗ് 4 ഗ്രൂപ്പിനുള്ളിലെ കൃത്യമായി വെട്ടിനിരത്തല്‍.

കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങിന് ശേഷം മൂന്നാമനായിട്ടായിരുന്നു അമിത് ഷാ സത്യപ്രതിജ്ഞാ ചെയ്തത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരമായി ധനകാര്യമാകും അമിത് ഷാ എന്നായിരുന്നു ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയായി അപ്രതീക്ഷിതമായി അമിത് ഷാ എത്തുകയായിരുന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി. പാര്‍ട്ടി സ്ഥാപക നേതാവ് എല്‍.കെ.അദ്വാനി സ്ഥിരമായി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നാണ് അമിത് ഷാ പാര്‍ലമെന്റിലേക്കെത്തിയത്. 

2014-ല്‍ മോദി അധികാരത്തിലേറിയതോടെയാണ് അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അധികാരമേറ്റ ഉടന്‍ അമിത് ഷായെ മോദി പാര്‍ട്ടി അധ്യക്ഷനാക്കിയപ്പോള്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഒരു അനുഭവ സമ്പത്തുമില്ലാത്ത അമിത് ഷാ എങ്ങനെ രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ നയിക്കുമെന്നതായിരുന്നു പലരും ചോദിച്ചിരുന്നത്. എന്നാല്‍ പിന്നീട് അമിത് ഷായില്‍ നിന്ന് പഠിക്കാനാണ് പല ദേശീയ നേതാക്കളും ശ്രമിച്ചത് എന്നതും ശ്രദ്ധേയമാണ്. 

1985-ല്‍ അഹമ്മദാബാദിലെ നരന്‍പര വാര്‍ഡിലെ ബിജെപിയുടെ പോളിങ് ഏജന്റായിട്ടാണ് അമിത് ഷായുടെ രാഷ്ട്രീയ പ്രവേശനം.2002-ല്‍ ആദ്യമായി ഗുജറാത്തില്‍ മന്ത്രിയായി 2010-ല്‍ സൊഹ്‌റാബുദ്ദീന്‍ ഏറ്റമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് മാസത്തോളം ജയിലില്‍ കിടന്നു. കൊലപാത കുറ്റമുടക്കം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. പിന്നീട് പ്രത്യേക സിബിഐ കോടതി ഷായെ വെറുതെ വിട്ടു.

Content Highlights: PM Narendra Modi, Amit Shah, Rajnath Singh