ഔറംഗബാദ്: പാകിസ്താനെ ആക്രമിക്കാന്‍ കെൽപുള്ള പ്രധാനമന്ത്രി വേണമെന്ന ആവശ്യം ശിവസേനക്കുണ്ടെന്നും അതുകൊണ്ടാണ് ശിവസേന ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതെന്നും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. ഔറംഗബാദില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു താക്കറെ. 

370ാം അനുഛേദത്തിനെതിരേയുള്ള കോണ്‍ഗ്രസ് നിലപാടിനെതിരേ താക്കറെ ശക്തമായി ആഞ്ഞടിച്ചു. ' രാജ്യത്തെ മറ്റുപ്രദേശങ്ങള്‍ക്ക് തുല്യമായ നിയമമായിരിക്കണം കശ്മീരിലെ എല്ലാ നിയമങ്ങളും. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കാന്‍ കോണ്‍ഗ്രസ് താത്പര്യപ്പെടുന്നില്ല. എന്നാൽ ഫറൂഖ് അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും പോലുള്ള നേതാക്കള്‍ പറയുന്നതു ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയാല്‍ കശ്മീരില്‍ ആരും തന്നെ ത്രിവര്‍ണപതാകയെ ബഹുമാനിക്കില്ല എന്നാണ്', അദ്ദേഹം പ്രതികരിച്ചു. 

അതേ സമയം കനയ്യകുമാര്‍ വിഘടനവാദിയാണെന്നും കനയ്യകുമാറിനെപ്പോലുള്ളവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Wanted a Prime minister who can attack pakistan Says Udhav Thackeray