തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശംനടത്തിയ എ. വിജയരാഘവനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും തിരഞ്ഞെടുപ്പുകാലമായതിനാല്‍ നേതാക്കള്‍ പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പുകാലമായതിനാല്‍ വിജയരാഘവനെതിരേ പരസ്യമായ വിമര്‍ശനമോ അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. 

ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എ. വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ മാര്‍ച്ച് 30-നും രമ്യക്കെതിരേ അദ്ദേഹം നടത്തിയ സമാനപരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. സംഭവത്തില്‍ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആലത്തൂര്‍ ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. പ്രസംഗത്തിനിടയില്‍ എ. വിജയരാഘവന്‍ വ്യക്തിപരമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയകാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രമ്യാ ഹരിദാസിന്റെ പരാതിയില്‍ തിരൂര്‍ ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്. 

Content Highlights: vijayaraghavan speech against ramya haridas; cpm state Secretariat meeting criticizes