ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്. 

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു അവര്‍ ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും സ്മൃതി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ പറഞ്ഞു. കള്ളപ്രചാരണത്തിനായി വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു. അമേഠിയില്‍ പരാജയപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പായിട്ടുണ്ട്. അതിന് ഒരു കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആരോപണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Content Highlights: Video fabricated, EC rejects Smriti Irani’s claims of booth capturing in Amethi