മുംബൈ: മഹാരാഷ്ട്രയിൽ ശക്തിതെളിയിച്ച് പ്രകാശ് അംബേദ്കർ-അസദുദീൻ ഒവൈസി സഖ്യം. വഞ്ചിത് ബഹുജൻ അഘാഡി എന്നാണ് ഈ സഖ്യം അറിയപ്പെടുന്നത്. സോളാപുരിലും അകോളയിലും പ്രകാശ് അംബേദ്കർ തോറ്റെങ്കിലും ഔറംഗാബാദിൽ മജ്‌ലിസ് പാർട്ടിയുടെ ഇംതിയാസ് ജലീൽ വിജയിച്ചു. പ്രകാശ് അംബേദ്കറിന് അകോളയിൽ 2.74 ലക്ഷം വോട്ടുകളും സോളാപുരിൽ 1.67 ലക്ഷം വോട്ടുകളും നേടാനായി.

സംസ്ഥാനത്ത് 48 മണ്ഡലങ്ങളിലും മത്സരിച്ച വഞ്ചിത് ബഹുജൻ അഘാഡി മൊത്തം 7.20 ശതമാനം വോട്ടുനേടി. മുന്നണിയുടെ സാന്നിധ്യം കോൺഗ്രസ് -എൻ.സി.പി. സഖ്യത്തിന് കുറഞ്ഞത് 15 സീറ്റുകളെങ്കിലും നഷ്ടമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എട്ടുശതമാനം വോട്ടുകൾ നേടിയിരുന്നുവെങ്കിൽ രാഷ്ട്രീയപ്പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുമായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും മുന്നണി മത്സരിക്കുമെന്ന് പ്രകാശ് അംബേദ്കർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നന്ദേഡ്, സോളാപുർ, അകോള, സാംഗ്ലി എന്നീ മണ്ഡലങ്ങളിൽ അഘാഡിയുടെ സ്ഥാനാർഥികൾ മൂന്നാംസ്ഥാനത്ത്‌ വന്നു.

മുൻ മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ അശോക് ചവാൻ മത്സരിച്ച നന്ദേഡ് മണ്ഡലത്തിൽ വഞ്ചിത് ബഹുജൻ അഘാഡി 1,61,910 വോട്ടുകൾ നേടി. അശോക് ചവാന് ലഭിച്ചത് 4,31,584 വോട്ടുകളാണ്. വിജയിയായ ബി.ജെ.പി.യുടെ സ്ഥാനാർഥി പ്രതാപ് റാവു ചിക്കാലിക്കർക്ക് ലഭിച്ചത് 4,74,410 വോട്ടുകളും.

സാംഗ്ലിയിൽ വഞ്ചിത് ബഹുജൻ അഘാഡിയുടെ ഗോപീചന്ദ് പ്രധാൽക്കർ 2,92,732 വോട്ടുകൾ നേടി. ഇവിടെ ബി.ജെ.പി.യുടെ സ്ഥാനാർഥി സഞ്ജയ് കാക പാട്ടീൽ 4,97,180 വോട്ടുകൾ നേടി.

സ്വാഭിമാനി ഷേത്കാരി സംഘടനയുടെ വിശാൽ പ്രകാശ് ബാബു പാട്ടീൽ 3,38,182 വോട്ടുകൾ നേടി.

വഞ്ചിത് വികാസ് അഘാഡിയുടെ മറ്റുസ്ഥാനാർഥികൾ നേടിയ വോട്ടുകൾ: ഒസ്മാനാബാദ് മണ്ഡലം(98,000), റാവർ (88,000), അമരാവതി(64,000), മാധ (50,000), മാവൽ (75,000), മുംബൈ നോർത്ത് ഈസ്റ്റ് (68,000), ബീഡ് (92,000), മുംബൈ സൗത്ത് സെൻട്രൽ (63,000), യവത്മൽ (83,000), ചന്ദ്രപുർ (89,000), ബാരാമതി (43,000), ഹിംഗോളി (1.16 ലക്ഷം), ബുൽദാന (1.65 ലക്ഷം), പർഭണി (1.49 ലക്ഷം), ഗഡ്ചിരോളി-ചിമുർ (1.08 ലക്ഷം).

Content Highlights: vanchit bahujan aghadi-maharashtra-congress-ncp-loksabha election result