ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തില്‍നിന്നും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമായി.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍നിന്നും വിളിച്ചെന്നും വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും  അദ്ദേഹം ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കാത്തതിനാല്‍ ഭാര്യയും കുടുംബവും ഡല്‍ഹിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

Content Highlights: V Muraleedharan will be the union minister in Modi ministry