ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ വി. മുരളീധരന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനം. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് അറുപതുകാരനായ മുരളീധരന്‍. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി.

മുമ്പ് കേരളത്തില്‍നിന്നുള്ള എം.പിമാരായ ഇ അഹമ്മദും ശശി തരൂരും യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കൂടാതെ യു.പി.എ സര്‍ക്കാരില്‍ വയലാര്‍ രവി ക്യാബിനറ്റ് പദവിയോടെ പ്രവാസിക്ഷേമ വകുപ്പു കെകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായി കേന്ദ്രമന്ത്രിസഭാംഗമാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള സ്ഥാനമാണ് വിദേശകാര്യ സഹമന്ത്രിയുടേത്. പ്രവാസിക്ഷേമ മന്ത്രാലയയത്തിന്റെ ചുമതലയാകും മുരളീധരന് ലഭിക്കുകയെന്നാണ് സൂചന. 

പ്രതിപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടതും പാര്‍ലമെന്റിന്റെ നടത്തിപ്പ് നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതും പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിലവില്‍ മോദി സര്‍ക്കാരില്‍ അംഗമായുള്ള ഏക മലയാളിയാണ് മുരളീധരന്‍. ഒന്നാം മോദി സര്‍ക്കാരില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിരുന്നു.

content highlights: v muraleedharan portfolio, Minister of State in the Ministry of External Affairs, Minister of State in the Ministry of Parliamentary Affairs