കോഴിക്കോട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ച നേതാവാണ് വി. മുരളീധരന്‍. സ്‌കൂള്‍കാലഘട്ടത്തിലേ എ.ബി.വി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം വരെ അലങ്കരിച്ചിരുന്നു. 

എ.ബി.വി.പി.യില്‍ സജീവമായിരുന്ന വി. മുരളീധരന്‍ തലശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയായും കഴിവുതെളിയിച്ചു. 1980 ഒക്ടോബറില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് രണ്ടുവര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു. ഇതിനെതിരെ എ.ബി.വി.പി. രാജ്യവ്യാപക പ്രക്ഷോഭം നടത്തിയതോടെ വി. മുരളീധരന്‍ ദേശീയതലത്തിലും ശ്രദ്ധേയനായി. പിന്നീട് ഈ കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 

എ.ബി.വി.പി. നേതാവായി തിളങ്ങിയ വി. മുരളീധരന്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം ബി.ജെ.പി. ദേശീയനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാലത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 

പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ വി. മുരളീധരന്‍ കേരളത്തിലെ സംഘടനാസംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 2009 മുതല്‍ 2015 വരെ  ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്നു. 2018-ലാണ് അദ്ദേഹം മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിയത്. നിലവില്‍ രാജ്യസഭാംഗമായി തുടരുന്നതിനിടെയാണ് രണ്ടാം മോദി സര്‍ക്കാരില്‍ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. ചേളന്നൂര്‍ എസ്.എന്‍. കോളേജിലെ അധ്യാപികയായ ജയശ്രീയാണ് ഭാര്യ. 

Content Highlights: V Muraleedharan Kerala Bjp Leader and New Union Minister