കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ' സ്ത്രീചേതന' ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്ത് വ്യാഴാഴ്ച വൈകീട്ട് ആഹ്ലാദത്തിന്റെ ആരവമായിരുന്നു. നിയുക്ത കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. കെ.എസ്. ജയശ്രീ ആശംസകളുമായെത്തിയവരെ പുഞ്ചിരിയോടെ സ്വീകരിച്ചു. പാര്‍ട്ടിപ്രവര്‍ത്തകരും സുഹൃത്തുകളും നാട്ടുകാരും ചേര്‍ന്ന് അവര്‍ക്കൊപ്പം സന്തോഷത്തിന്റെ മധുരം പങ്കിട്ടു.

13 വര്‍ഷമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന 'സ്ത്രീചേതന' എന്ന സംഘടയുടെ ജനറല്‍സെക്രട്ടറിയും നാട്ടിക എസ്.എന്‍. കോളേജിലെ സംസ്‌കൃതവിഭാഗം മേധാവിയുമാണ് ജയശ്രീ. കഴിഞ്ഞദിവസമാണ് സ്ത്രീചേതനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ കോഴിക്കോട്ടെത്തിയത്. അതിനിടയിലാണ് സന്തോഷവാര്‍ത്തയായി വൈകീട്ടോടെ മുരളീധരന്റെ ഫോണ്‍വിളി വന്നത്.

ഇത് വലിയ സന്തോഷമല്ലേ എന്ന ചോദ്യത്തിന് ഭാര്യയെന്ന നിലയില്‍ തനിക്ക് ഇത് എളിയ സന്തോഷമാണെന്നായിരുന്നു മറുപടി. 'ഒരു വ്യക്തി നേടുന്ന വിജയമല്ലിത്. ഒരു പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരെയും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയവരെയും നമ്മള്‍ ഈ സമയത്ത് ഓര്‍ക്കണം.

അവരുടെയൊക്കെ പ്രവര്‍ത്തനത്തിന്റെ പുണ്യമായിട്ടാണ് ഈ മന്ത്രിസ്ഥാനത്തെ കാണുന്നത്. ഒരു വ്യക്തിയുടെ വിജയമായിട്ടല്ല ഇത് ആഘോഷിക്കേണ്ടത്. അതുകൊണ്ടാണ് ഇത് എളിയ സന്തോഷമാകുന്നത്'. മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണ്. രാഷ്ട്രീയപ്രവര്‍ത്തനം അദ്ദേഹത്തിന് ജീവിതത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് വികസനത്തിനായ് അദ്ദേഹം പ്രവര്‍ത്തിക്കും'... ജയശ്രീ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, കൗണ്‍സിലര്‍ നവ്യ ഹരിദാസ്, പി. രഘുനാഥ്, എം.പി. രാധാകൃഷ്ണന്‍, പി. പീതാംബരന്‍ തുടങ്ങിയവര്‍ ആശംസകളറിയിക്കാന്‍ സ്ത്രീചേതനയിലെത്തി.