തലശ്ശേരി: വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകുന്നു എന്നറിഞ്ഞതോടെ ജന്മനാടായ തലശ്ശേരിയിലും തറവാട് വീട്ടിലും ആഹ്‌ളാദം പടര്‍ന്നു. എരഞ്ഞോളി വാടിയില്‍പീടികയിലാണ് മുരളീധരന്‍ ജനിച്ചുവളര്‍ന്ന തറവാട് വീട്. മുരളീനിവാസില്‍ ഇപ്പോള്‍ താമസിക്കുന്നത് സഹോദരി മോദിനിയും കുടുംബവും. മന്ത്രിപദവിയില്‍ സന്തോഷമെന്ന് ഒറ്റവാക്കില്‍ പറയാനാണ് സഹോദരി മോദിനിക്ക് ഇഷ്ടം.

എന്നാല്‍ പദവി യാദൃച്ഛികമായി വീണു കിട്ടിയതല്ലെന്ന് മോദിനിയുടെ ഭര്‍ത്താവ് ബേബി പറഞ്ഞു. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് മുരളീധരന്റെ മന്ത്രിസ്ഥാനം. വിദ്യാര്‍ഥിപ്രസ്ഥാനകാലം മുതലുള്ള മുരളീധരന്റെ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹം അനുസ്മരിച്ചു. മോദിനിയും ബേബിയും മകള്‍ ശ്രീലക്ഷ്മിയുമാണ് തറവാട് വീട്ടിലുള്ളത്. മുരളീധരന്റെ മറ്റു സഹോദരങ്ങള്‍ സമീപത്തായി വീടെടുത്ത് താമസിക്കുകയാണ്. മുരളീധരന്‍ നാട്ടില്‍ വരുന്നത് അപൂര്‍വമാണെന്ന് ബേബി പറഞ്ഞു. അമ്മയുടെ ശ്രാദ്ധത്തിന് എല്ലാ കൊല്ലവും എത്തും. ബലിയിടും. മൂന്നുമാസം മുമ്പ് വീട്ടില്‍ വന്നിരുന്നു.

വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് ബേബിക്ക് ഫോണ്‍ വന്നിരുന്നു. അപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല്‌ല. അതിനുശേഷം ഡല്‍ഹിയില്‍നിന്ന് ബേബിയെ വിളിച്ചിരുന്നു. സൂര്യാഫൗണ്ടേഷന്‍ മാനേജറായ ബേബി ഇത്തവണ തിരഞ്ഞെടുപ്പിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. മുരളീധരന്റെ സഹോദരന്‍ വി.വി. പ്രദീപ് കുമാര്‍ താമസിക്കുന്നത് കുടക്കളത്താണ്.

ഇവിടെ നവനീതത്തിലും സന്തോഷത്തിലാണ്. തലശ്ശേരി സപ്ലൈ ഓഫീസ് ജീവനക്കാരനാണ് പ്രദീപ്. ഭാര്യ വി.കെ. അജിതയും മക്കളായ വി.പി. നവനീത്, സ്വേത എന്നിവരാണ് ഇവിടെ താമസം. മുരളീധരന്റെ അമ്മ മരിച്ചത് ഈ വീട്ടില്‍വെച്ചായിരുന്നു. മുരളീധരന് മൂന്നു സഹോദരങ്ങളാണ്. അധ്യാപകനായിരുന്ന സഹോദരന്‍ വി.വി. ദിനേശന്‍ കായലോടാണ് താമസം. പരേതരായ വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാംവെള്ളി ദേവകിയുടെയും മകനാണ് മുരളീധരന്‍.

തലവിധി മാറ്റിയ കേസ്

:ഗവ. ബ്രണ്ണന്‍ കോളേജില്‍ ബിരുദ പഠനത്തിനുശേഷം മുരളീധരന്‍ കണ്ണൂര്‍ ജില്ലാ വ്യവസായ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷം ഒരു കേസില്‍ ആളുമാറി മുരളീധരന്‍ പ്രതിയായി.

രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. മറ്റൊരു മുരളീധരനുപകരം വി. മുരളീധരനെ കേസില്‍ പ്രതിയാക്കി. ഇതോടെ ജോലിയില്‍നിന്ന് സസ്പെന്‍ഷന്‍. കേസില്‍ പ്രതിയായപ്പോള്‍ വീട്ടില്‍നിന്നാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ആര്‍.എസ്.എസ്. സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു അനുസ്മരിച്ചു. പിന്നിട് കേസില്‍നിന്ന് ഒഴിവായെങ്കിലും രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുന്നതിന് കേസ് നിമിത്തമായിമായി. അന്നത്തെ കേസാണ് മുരളീധരനെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് ബേബി പറഞ്ഞു. ആര്‍.എസ്.എസ്. പ്രചാരകനെന്ന നിലയില്‍ ദീര്‍ഘകാലം എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കേരളമുണ്ടോ? ആകാംക്ഷയ്‌ക്കൊടുവില്‍ മുരളീധരന്‍
തിരുവനന്തപുരം: ലോക്സഭയില്‍ കേരളത്തിലെ ബി.ജെ.പി.ക്ക് അംഗങ്ങളില്ലെങ്കിലും മോദി മന്ത്രിസഭയില്‍ സംസ്ഥാനത്തിന് പ്രാതിനിധ്യമുണ്ടാകുമോ എന്നായിരുന്നു ദിവസങ്ങളായി അന്വേഷണം. ഫലമറിഞ്ഞതുമുതലുള്ള ആകാംക്ഷ അവസാനിപ്പിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷായും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി- വി. മുരളീധരനിലൂടെ.

തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കിലും മന്ത്രിസഭയില്‍ ഇത്തവണയും സാന്നിധ്യമുണ്ടാകുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. പട്ടികയിലേക്ക് തുടക്കംതൊട്ടേ പറഞ്ഞുകേട്ടത് മൂന്നുപേരുകള്‍- മുരളീധരനും കുമ്മനം രാജശേഖരനും കഴിഞ്ഞ തവണ മന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും. എന്നാല്‍ നറുക്ക് വീണതാകട്ടെ മുരളീധരന്. നിലവില്‍ രാജ്യസഭാംഗമാണെന്നതും സംസ്ഥാനത്തുള്‍പ്പടെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കാട്ടിയ മികവും അമിത്ഷാ, മോദി എന്നിവരുമായുള്ള അടുപ്പവും മുരളിക്ക് വഴിയൊരുക്കി. പാര്‍ട്ടിയുടെ ആന്ധ്രയിലെ ചുമതലക്കാരന്‍ കൂടിയാണ് മുരളീധരന്‍.

ലോക്സഭയിലേക്ക് ബി.ജെ.പി.യെ ജയിപ്പിച്ചയയ്ക്കാന്‍ കേരളത്തിന് മടിയാണെങ്കിലും മൂന്ന് രാജ്യസഭാംഗങ്ങളുണ്ട്. മുരളീധരനുപുറമേ അല്‍ഫോണ്‍സ് കണ്ണന്താനം, നോമിനേറ്റഡ് എം.പി. സുരേഷ്ഗോപി എന്നിവര്‍. സമീപഭാവിയില്‍ രാജ്യസഭയിലേക്ക് ബി.ജെപി.ക്ക് പത്തോളംപേരെ ജയിപ്പിക്കാനാവും. എന്നാല്‍ അക്കൂട്ടത്തില്‍ ഇനി കേരളത്തില്‍നിന്നൊരാളെ ഉള്‍പ്പെടുത്തുന്നത് പ്രയാസമാകും.

പാര്‍ട്ടിയുടെ അടിത്തറ ഇനിയും ശക്തിപ്പെടുത്തേണ്ട പട്ടികയില്‍ മറ്റുപല സംസഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളെ പരിഗണിക്കേണ്ടി വരുമ്പോള്‍ കേരളത്തിനു കൂടുതല്‍ എം.പി.മാരെ നല്‍കുക അപ്രായോഗികമാണ്.

ഉച്ചയോടെതന്നെ മുരളീധരന്‍ മന്ത്രിയാകുമെന്ന സൂചന ഡല്‍ഹിയിലുണ്ടായിരുന്ന കേരള നേതാക്കളിലൂടെ ഇവിടറിഞ്ഞു. ഇതോടെ ബി.ജെ.പി. ക്യാമ്പുകള്‍ ആഹ്ലാദത്തിലായി.

content highlights: v.muraleedharan, bjp, kerala