ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ അനധികൃതമായി പ്രവേശിച്ച് ചിത്രം പകര്‍ത്തിയ ടി.ആര്‍.എസ്. പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മല്‍ഖജ്ഗിരി ലോക്‌സഭ മണ്ഡലത്തിലെ ടി.ആര്‍.എസ്. സ്ഥാനാര്‍ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍. വെങ്കിടേഷിനെയാണ് ക്രിമിനല്‍ക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

ഏപ്രില്‍ 11-ന് തിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് വെങ്കിടേഷ് ചിത്രം പകര്‍ത്തിയത്. ബോഗറാമിലെ ഹോളിമേരി കോളേജിലായിരുന്നു സംഭവം. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ പ്രവേശിച്ച വെങ്കിടേഷ് ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഉടന്‍തന്നെ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വെങ്കിടേഷ് നിലവില്‍ ജയിലിലാണ്. 

സിറ്റിങ് എം.പി. മല്ല റെഡ്ഡിയുടെ മരുമകനും ടി.ആര്‍.എസ്. സ്ഥാനാര്‍ഥിയുമായ മാരി രാജശേഖര്‍ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസംഘത്തിലെ സജീവപ്രവര്‍ത്തകനാണ് വെങ്കിടേഷ്. ടി.ആര്‍.എസ്. വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയും ബി.ജെ.പി.യുടെ രാമചന്ദ്രറാവുവുമാണ് മറ്റുപ്രധാന സ്ഥാനാര്‍ഥികള്‍. 

Content Highlights: trs polling agent captured photos inside evm strong room, arrested