പട്‌ന: ലാലു കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം ഒരിടവേളക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും തലപ്പൊക്കുന്നു. ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്ന് രാജിവെച്ചു. ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷപദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"ഞാന്‍ പക്വത ഇല്ലാത്തവനാണെന്ന് കരുതുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പക്വതയില്ലാത്തത്. ഞാന്‍ എന്താണെന്നും എവിടെയാണ് നില്‍ക്കുന്നതെന്നും എനിക്കറിയാം", തേജ് പ്രതാപ് യാദവ് ട്വീറ്റിലൂടെ വ്യക്തമാക്കി. 

സഹോദരനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെയും തേജ് പ്രതാപ് തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇളയ മകനായ തേജ്വസി യാദവിനെയാണ് ലാലു പ്രസാദ് യാദവ് പാര്‍ട്ടിയുടെ സുപ്രധാന പോസ്റ്റുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അസന്തുഷ്ടനാണ് തേജ്പ്രതാപ്. 

നേരത്തെ തേജ് പ്രതാപ് യാദവ് വിവാഹ ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ലാലു കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തേജ് പ്രതാപ് യാദവിന്റെ പുതിയ നീക്കം സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അടുത്ത ആളുകള്‍ക്ക് സീറ്റ് നല്‍കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Trouble In Lalu Yadav Family, Elder Son Tej Pratap Yadav Resigns From Party Post