ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നിരന്തരം തന്നെ വ്യക്തിപരമായി അപമാനിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ അമ്മയെ പോലും അവര്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും മോദി ഹരിയാനയില്‍ പറഞ്ഞു. 

'ഞാന്‍ അവരുടെ അഴിമതി ഇല്ലാതാക്കി. അവരുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തു. ഇക്കാരണത്താല്‍ സ്നേഹത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ എന്നെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് തന്നെ ഹിറ്റലറോടും, മുസോളിനിയോടും, ദാവൂദ് ഇബ്രാഹിമിനോടും ഉപമിച്ചു'- കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കി. 

താന്‍ തന്റെ നാട് സന്ദര്‍ശിക്കുകയാണ്. സത്യത്തിന്റെ നാടുകളായ ഹരിയാനയിലും കുരുക്ഷേത്രയിലും നിന്ന് എന്താണ് അവര്‍ തനിക്കെതിരെ ഉപയോഗിച്ച വാക്കുകളെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു. അവരുടെ നിഘണ്ടുവില്‍ സ്‌നേഹത്തിന്റെ അര്‍ഥം ഇങ്ങനെ ആയിരിക്കും മോദി പറഞ്ഞു. 

രാജീവ് ഗാന്ധിയ്ക്കെതിരെ മോദി വിദ്വേഷം നിറഞ്ഞ പ്രസ്താവന നടത്തിയെങ്കിലും മോദിയോട് സ്നേഹം മാത്രമേ തനിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കവേയാണ് കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിച്ചതിന്റെ കണക്കുകള്‍ നിരത്തി മോദി രംഗത്ത് വന്നത്. 

'ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പുഴുവിനോട് ഉപമിച്ചു. മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു. വേറൊരാള്‍ വിളിച്ചത് ഭസ്മാസുരനെന്നായിരുന്നു. ഒരു കോണ്‍ഗ്രസ് മന്ത്രി തന്നെ കുരങ്ങനെന്ന് വിളിച്ചപ്പോള്‍ മറ്റൊരു മന്ത്രി വിളിച്ചത് ദാവൂദ് ഇബ്രാഹീം എന്നായിരുന്നു. 

എന്റെ അമ്മയെ പോലും അവര്‍ അധിക്ഷേപിക്കുന്നു. എന്റെ അച്ഛനാരെന്ന് ചോദിക്കുന്നു. ഞാന്‍ പ്രധാനമന്ത്രിയായപ്പോഴാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്ന് ഓര്‍ക്കണം'- മോദി പറഞ്ഞു. 

content highlights: They even abused my mother, asked who my father is: Narendra Modi